Flash News

ഉന്നിനെ വധിക്കാനുള്ള യുഎസ്പദ്ധതി തകര്‍ത്തെന്ന് ഉത്തര കൊറിയ



പ്യോങ്‌യാങ്: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ വധിക്കാന്‍ യുഎസും രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയും എതിരാളികളായ ദക്ഷിണ കൊറിയയും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി തകര്‍ത്തതായി ഉത്തര കൊറിയ. കൊറിയന്‍ ഉപദ്വീപിനു മേല്‍ യുദ്ധഭീതി പിടിമുറുക്കുന്നതിനിടെയാണ് രാജ്യരക്ഷാ മന്ത്രാലയം ആരോപണവുമായി മുന്നോട്ട് വന്നത്. ഏപ്രില്‍ 16ന് ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങ്ങില്‍ നടന്ന പൊതു പരിപാടിക്കിടെ കിം ജോങിനെ വധിക്കാനായിരുന്നു പദ്ധതിയെന്നും മാരക പ്രഹര ശേഷിയുള്ള ജൈവ രാസ പദാര്‍ഥങ്ങളുപയോഗിച്ചായിരുന്നു വധശ്രമമെന്നും മന്ത്രാലയം പറഞ്ഞു. റേഡിയോ ആക്ടീവ് വസ്തുക്കളോ വിഷമുള്ള നാനോ വസ്തുക്കളോ കിം ജോങിന്റെ ശരീരത്തില്‍ പ്രവേശിപ്പിക്കാനായിരുന്നു ശ്രമം. വളരെ ദൂരെനിന്ന് ഇത്തരം വസ്തുക്കള്‍ ഒരാളുടെ ശരീരത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയുമെന്നും ഇതിന്റെ ഫലം പുറത്ത് വരാന്‍ ആറു മുതല്‍ ഒരു വര്‍ഷം വരെ എടുത്തേക്കുമെന്നും മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമം അറിയിച്ചു. കൃത്യം നടത്താനായി കിം എന്ന് പേരുള്ള ഒരു ഉത്തര കൊറിയന്‍ പൗരനെ സിഐഎയും ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസും വാടകയ്ക്ക് എടുത്തിരുന്നുവെന്നും ഇയാളെ കണ്ടെത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, എങ്ങനെയാണ് അമേരിക്കന്‍ നീക്കം പാളിയതെന്നും ചാരനെ എന്ത് ചെയ്തുവെന്നും വ്യക്തമായി പറയുന്നില്ല. ഇതിന് തക്ക തിരിച്ചടിയുണ്ടാവുമെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.യുഎസും ഉത്തര കൊറിയയും ആഴ്ചകളായി വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടുകയാണ്. അതിനിടെ വീണ്ടും ആണവ പരീക്ഷണം നടത്തുമെന്ന ഉത്തര കൊറിയന്‍ ഭീഷണി മേഖലയിലെ സംഘര്‍ഷാവസ്ഥയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it