ernakulam local

ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചെന്നാരോപണം; ഇന്ന് മുനമ്പം ഹാര്‍ബര്‍ അടച്ച് സമരം

പറവൂര്‍: വൈപ്പിന്‍ ഫിഷറീസ് സ്‌റ്റേഷനില്‍ അതിക്രമിച്ചു കയറി ബോട്ടുടമകളും തൊഴിലാളികളും ചേര്‍ന്ന് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചെന്ന കള്ളക്കേസില്‍ വൈപ്പിന്‍ കരയില്‍ പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നു വൈപ്പിന്‍, മുനമ്പം മല്‍സ്യമേഖല സംയുക്ത സമിതി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഇരുന്നൂറോളം ആളുകളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്യാന്‍ പോലിസ് വൈപ്പിന്‍ കരയിലെ മല്‍സ്യത്തൊഴിലാളികളുടെ വീടുകള്‍ കയറിയിറങ്ങുകയാണ്. കഴിഞ്ഞ ദിവസം ഫിഷറീസ് ഉദ്യോഗസ്ഥര്‍ പിടികൂടിയ ഫെര്‍ണാണ്ടോ, അഭിഷിക്തന്‍ എന്നീ ബോട്ടുകള്‍ വളത്തിനുള്ള മീന്‍ പിടിക്കാന്‍ പോയതല്ല. ബോട്ടില്‍ വളത്തിനുള്ള മീന്‍ ഉണ്ടെന്ന് സംശയിച്ചാണ് പുലര്‍ച്ചെ ഒന്നര മണിയോടെ മുനമ്പം ഹാര്‍ബറില്‍ നിന്നും ഫിഷറീസ് ഉദ്യോഗസ്ഥര്‍ ബോട്ടുകള്‍ ബലമായി പിടിച്ചുകൊണ്ടുപോയത്. ഒരു ബോട്ട് പിടിച്ചെടുക്കുമ്പോ ള്‍ പാലിക്കേണ്ട ഒരു മര്യാദയും നടപടിക്രമങ്ങളും പാലിക്കാതെ ബോട്ട് കെട്ടിയിരുന്ന കയര്‍ മുറിച്ചാണ് ബോട്ടുകള്‍ കൊണ്ടുപോയത്. ബോട്ടുകളില്‍ ചെറിയ മീനുകളില്ല എന്ന് ബോധ്യപ്പെടുത്താനാണ് തൊഴിലാളികള്‍ ഫിഷറീസ് സ്‌റ്റേഷനില്‍ ചെന്നത്. കാര്യങ്ങള്‍ ബോധ്യപ്പെട്ട ഉദ്യോഗസ്ഥര്‍ ബോട്ടുകള്‍ പിടികൂടിയതിന് ക്ഷമാപണത്തോടെ രണ്ട് ബോട്ടുകളും വിട്ടുതരികയാണുണ്ടായത്. ഇതിന്റെ മൊബൈല്‍ വീഡിയോ ദൃശ്യങ്ങള്‍ എടുത്തിട്ടുണ്ട്. ആദ്യം ശബ്ദം ഉയര്‍ത്തി സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ ഉദ്യോഗസ്ഥരെ ശാരീരികമായി ആക്രമിക്കുകയോ ഫര്‍ണീച്ചറുകളോ മറ്റ് ഉപകരണങ്ങളോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. തൊഴിലാളികള്‍ ബോട്ടുകളുമായി പോന്ന ശേഷം ബാഹ്യപ്രേരണയാല്‍ കേസുണ്ടാക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥര്‍ സ്വയം ഫര്‍ണീച്ചറുകള്‍ നശിപ്പിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമാണ് ഉണ്ടായിട്ടുള്ളത്. വളത്തിനായി ചെറിയ മീനുകളെ പിടിക്കരുതെന്ന ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റിന്റെ കര്‍ശന നിര്‍ദേശം പാലിക്കുവാന്‍ ബോട്ടുടമകളും തൊഴിലാളികളും ഒന്നിച്ചു തീരുമാനം എടുത്തിട്ടുള്ളതാണ്. ഈ തീരുമാനം ലംഘിക്കുന്നവരെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ല, എന്നാല്‍ കുളച്ചല്‍ ഭാഗത്ത് നിന്നുള്ള ബോട്ടുകള്‍ വളത്തിനായി ചെറുമീനുകള്‍ പിടിക്കുകയും കുളച്ചല്‍, മുട്ടം ഹാര്‍ബറുകളില്‍ മല്‍സ്യവളം വില്‍ക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ സ്വാര്‍ത്ഥതാല്‍പര്യം സംരക്ഷിക്കുവാന്‍ ഫിഷറീസ് ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുകയാണ്. ഉദ്യോഗസ്ഥര്‍ ഇത്തരം ഏകപക്ഷീയ നടപടികളുമായി മുന്നോട്ടു പോയാല്‍ മല്‍സ്യ മേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും യോജിപ്പിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഇന്ന് മുനമ്പത്ത് ഹാര്‍ബറുകള്‍ മുടക്കി രാവിലെ 9 ന് ചെറായിലേക്ക് മാര്‍ച്ചും തുടര്‍ന്ന് പ്രതിഷേധ സമ്മേളനവും നടത്തുമെന്ന് വിവിധ സംഘടനാ നേതാക്കളായ കെ ബി കാസിം, പി പി ഗിരീഷ് (മല്‍സ്യമേഖല സംരക്ഷണ സമിതി), ആന്‍സിലി പടമാടന്‍ (തരകന്‍സ് മിനി ഹാര്‍ബര്‍ അസോസിയേഷന്‍ പ്രസിഡന്റ്), മുനമ്പം തരകന്‍സ് സെക്രട്ടറിമാരായ നിര്‍മല്‍, കെ ബി രാജീവ്, കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എം ജെ ടോമി, ബിജെപി വൈപ്പിന്‍ മണ്ഡലം പ്രസിഡന്റ്് വി പി അനില്‍, ആള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് ആന്റ് കമ്മീഷന്‍ ഏജന്റ്‌സ് ജില്ലാ സെക്രട്ടറി ബിജുകുമാര്‍, മിനി ഹാര്‍ബര്‍ സിഐടിയു യൂനിയന്‍ സെക്രട്ടറി രജീഷ്, ബിഎംഎസ് സെക്രട്ടറി കെ എസ് സുധീര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it