kasaragod local

ഉദുമ സ്പിന്നിങ്മില്‍ പ്രഭാകരന്‍ കമ്മീഷന്‍ 10 കോടി അനുവദിച്ചിട്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടിയില്ല

കാഞ്ഞങ്ങാട്: ഉദുമ സ്പിന്നിങ്മില്‍ നാടിനു സമര്‍പ്പിച്ചിട്ട് ഏഴാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും എല്ലാം പഴയതു പോലെ തന്നെ കിടക്കുകയാണ്. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയും.  2011 ജനുവരി 28ന് അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമാണ് ഈ സ്ഥാപനം ഉദ്ഘാടനം ചെയ്തത്. സെറിഫെഡിന്റെ കൈവശമുണ്ടായിരുന്ന 25 ഏക്കര്‍ 2010 ജൂണില്‍ ടെക്സ്റ്റയില്‍ കോര്‍പറേഷന് അന്നത്തെ സര്‍ക്കാര്‍ കൈമാറിയാണ് ആധുനിക രീതിയിലുള്ള സ്പിന്നിങ് മില്‍ സ്ഥാപിച്ചത്. 35 കോടി രൂപയുടെ പദ്ധതിയാണ് ഉദുമ സ്പിന്നിങ്മില്‍. അത്യാധുനിക സംവിധാനമുള്ള മില്ല് സ്ഥാപിച്ചതല്ലാതെ ഇതുവരെ സാങ്കേതികത്വത്തില്‍ കുടുങ്ങി ഒരുദിവസം പോലും പ്രവര്‍ത്തിച്ചിട്ടില്ല.  21 ലക്ഷം രൂപയുടെ ബില്‍ കുടിശ്ശിക വന്നതിനാല്‍ 2013 ഫെബ്രുവരിയില്‍ സ്പിന്നിങ് മില്ലിലേക്കുള്ള വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. പുതിയ സര്‍ക്കാറില്‍ ഇപി ജയരാജന്‍ വ്യവസായ മന്ത്രി ആയതിന് ശേഷം പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങള്‍ തുറക്കാനുള്ള പദ്ധതിയുടെ ഭാഗമായി കാസര്‍കോട് പാക്കേജില്‍നിന്ന് 10 കോടി രൂപ മയിലാട്ടി സ്പിന്നിങ് മില്ലിന് അനുവദിച്ചിരുന്നു. തുക അനുവദിച്ചതല്ലാതെ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. ബന്ധുജന നിയമന വിവാദത്തില്‍പ്പെട്ട് അദ്ദേഹം രാജിവെച്ചതോടെ അതും പാളുകയായിരുന്നു. ടെക്സ്റ്റയില്‍ കോര്‍പറേഷന്റെ മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് ആധുനിക സൗകര്യമുള്ള മയിലാട്ടി സ്പിന്നിങ് മില്‍ ലാഭകരമായി കൊണ്ടുപോകാനാകുമെന്നാണ് റിയാബ് നടത്തിയ പഠനത്തില്‍ വ്യക്തമായത്.  പ്രതിദിനം 4000 കിലോ നൂ ല്‍ നിര്‍മിക്കാനാവുന്നതാണ് സംവിധാനം. 183 പേര്‍ക്ക് നേരിട്ടും 100 പേര്‍ക്ക് പരോക്ഷമായും ഇവിടെ ജോലി കിട്ടുമെന്നാണ് പ്രതീക്ഷയുണ്ടായിരുന്നത്. മില്ല് ഡിസംബറില്‍ തുറക്കാന്‍ നേരത്തെ പുതിയ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മില്ലിലെ ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിച്ച് കൊണ്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it