kasaragod local

ഉദുമ ടൗണിനോടുള്ള കെഎസ്ടിപി അവഗണന : നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്



ഉദുമ: നിര്‍മാണം നടന്നുവരുന്ന കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി പാതയില്‍ മിക്ക ടൗണുകളിലും ഡിവൈഡറുകളും സിഗ്‌നല്‍ ലൈറ്റുകളും സ്ഥാപിച്ചപ്പോള്‍ പ്രധാന ടൗണുകളിലൊന്നായ ഉദുമയെ അവഗണിച്ചതായി ആക്ഷേപം. ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വില്ലേജ് ഓഫിസ്, ഗവ. ആശുപത്രി, കൃഷിഭവന്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ടവര്‍ ബസിറങ്ങി റോഡു മുറിച്ചുകടക്കാന്‍ വളരെ പ്രയാസപ്പെടുന്നു. രണ്ടുഭാഗങ്ങളില്‍ നിന്നും അമിതവേഗതയില്‍ വാഹനങ്ങള്‍ കടന്നുവരുമ്പോള്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ റോഡ് മുറിച്ചുകടക്കാന്‍ കഴിയാതെ കാത്തുനില്‍ക്കേണ്ടി വരികയാണ്. യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള സീബ്രലൈന്‍ പോലും ടൗണിലില്ല. ഉദുമയിലെ ഒരു ഭാഗത്ത് മാത്രമാണ് കെട്ടിടങ്ങളുള്ളത്. മറുഭാഗത്ത് റെയില്‍പാതയാണ്. അതുകൊണ്ട് ഉദുമയെ ടൗണ്‍ഷിപ്പായി കാണാന്‍ കഴിയില്ലെന്നാണ് കെഎസ്ടിപി അധികൃതരുടെ ന്യായം. രണ്ടു വര്‍ഷത്തിനിടെ പത്തോളം പേര്‍ ഇവിടെ അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ നിരവധി പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. നാള്‍ക്കുനാള്‍ ഇവിടെ അപകടത്തില്‍ നടക്കുന്നു. റോഡപകടങ്ങളില്‍ അനേകം മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ട കെഎസ്ടിപി റോഡില്‍ കളനാട് ഓവര്‍ ബ്രിഡ്ജ് മുതല്‍ പാലക്കുന്ന് വരെ ഡിവൈഡറും ഉദുമ ടൗണില്‍ സിഗ്‌നല്‍ ലൈറ്റുകളും റിഫഌക്ടറും സീബ്രാ ലൈനുകളും സ്ഥാപിക്കണമെന്ന് ഉദുമക്കാര്‍ കൂട്ടായ്മ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂനിറ്റ് യോഗം ആവശ്യപ്പെട്ടു.  ഉദുമ മാര്‍ക്കറ്റ് വ്യാപാരഭവനില്‍ ചേര്‍ന്ന യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ്് എ വി ഹരിഹര സുധന്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ലക്കുഞ്ഞി ഉദുമ, ഫാറൂഖ് കാസ്മി, കെ കെ ശാഫി പടിഞ്ഞാര്‍, കെ എ ഷുക്കൂര്‍, അഡ്വ. കെ ബാലകൃഷ്ണന്‍, കെ വിശാലാക്ഷന്‍, മുസ്തഫ കാപ്പില്‍, യൂസഫ് റൊമാന്‍സ്, പി കെ ജയന്‍, കെ ഗണേശന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it