ഉദയംപേരൂര്‍ ഐഒസി പ്ലാന്റ്: തൊഴില്‍ത്തര്‍ക്കം പരിഹരിച്ചില്ല; പാചകവാതക ക്ഷാമം രൂക്ഷം

തൃപ്പൂണിത്തുറ: തുടര്‍ച്ചയായി മൂന്നാം ദിവസവും ഉദയംപേരൂര്‍ ഐഒസി ബോട്ട്‌ലിങ് പ്ലാന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ മധ്യകേരളത്തിലെ പാചകവാതക വിതരണം പ്രതിസന്ധിയില്‍. ഇവിടെ നിന്നു പാചകവാതകം കൊണ്ടുപോയി വിതരണം ചെയ്യുന്ന മധ്യകേരളത്തിലെ വിതരണ കേന്ദ്രങ്ങള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും.
ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഒരു വിഭാഗം കരാര്‍ തൊഴിലാളികള്‍ പണിമുടക്കിയതിനെതുടര്‍ന്നും ബുധനാഴ്ചത്തെ അപ്രഖ്യാപിത പണിമുടക്കില്‍ പ്രതിഷേധിച്ച് ലോറി തൊഴിലാളികള്‍ പണിമുടക്കിയതിനെ തുടര്‍ന്നും പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. ലോഡിങിനായി പ്ലാന്റിനകത്ത് പ്രവര്‍ത്തിക്കുന്ന കണ്‍വെയറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ലോറി തൊഴിലാളികള്‍ വിസമ്മതിച്ചതാണ് ഇന്നലെ പ്ലാന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ കാരണം. പ്ലാന്റിനകത്തെ കണ്‍വെയറിന്റെ നിയന്ത്രണം ഈ രംഗത്തെ വിദഗ്ധ തൊഴിലാളികള്‍ ചെയ്യേണ്ടതാണെന്നാണ് ലോറി ജീവനക്കാര്‍ പറയുന്നത്. നിലവില്‍ ലോഡിങ് ആന്റ് അണ്‍ ലോഡിങ് കരാറുകാരന്റെ കരാറിന്റെ ഭാഗമായുള്ള ഈ ജോലി ലോറി ജീവനക്കാരെ കൊണ്ടാണ് ചെയ്യിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ പോലും ലഭിക്കാത്ത ഈ ജോലി ചെയ്യുന്നതിന് ലോറി ജീവനക്കാര്‍ തയ്യാറാവാതിരുന്നതാണ് തുടര്‍ച്ചയായി മൂന്നാം ദിസവവും പ്ലാന്റ് മുടങ്ങാന്‍ കാരണം.
പ്രതിദിനം 150 ലോഡുകളിലായി 45,000 പാചകവാതക സിലിണ്ടറുകളാണ് ഇവിടെ നിന്നു വിതരണത്തിനായി കൊണ്ടുപോവുന്നത്. ബുധനാഴ്ച ഉച്ച മുതല്‍ പ്ലാന്റ് പ്രവര്‍ത്തനം നിലച്ചതോടെ ഒരു ലക്ഷത്തി പതിനായിരത്തിലധികം സിലിണ്ടറുകളുടെ കുറവാണ് വിതരണത്തിലുണ്ടാവുക.
ഉദയംപേരൂര്‍ ഐഒസി ബോട്ട്‌ലിങ് പ്ലാന്റിന്റെ പ്രവര്‍ത്തനം തുടര്‍ച്ചയായി വിവിധ കാരണങ്ങളാല്‍ തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാവുന്നത് മാനേജ്‌മെന്റിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന ആക്ഷേപം ശക്തമാണ്. സേവനവേതന വ്യവസ്ഥകള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്ലാന്റിലെ കരാര്‍ തൊഴിലാളികള്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രക്ഷോഭത്തിലാണ്. ജനുവരി അവസാനവാരം തൊഴിലാളികള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മെല്ലെപ്പോക്ക് സമരവും ഫെബ്രുവരി ആദ്യവാരം പണിമുടക്കും നടത്തിയിരുന്നു. ജില്ലാ കലക്ടര്‍ ഇടപെട്ടാണ് അന്ന് യൂനിയനുകളുമായി ചര്‍ച്ച ചെയ്ത് താല്‍ക്കാലികമായി സമരം അവസാനിപ്പിച്ചത്. കലക്ടറുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥപ്രകാരം തൊഴിലാളികളുടെ ആവശ്യങ്ങളെ സംബന്ധിച്ച് 15 ദിവസത്തിനകം ചര്‍ച്ച ചെയ്ത് പരിഹാരം കാണുവാന്‍ മാനേജ്‌മെന്റിനും കരാറുകാര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. മാര്‍ച്ച് ഒന്നിനു മുമ്പ് വിഷയങ്ങള്‍ക്ക് പരിഹാരം ആയില്ലെങ്കില്‍ മാര്‍ച്ച് ഒന്നു മുതല്‍ യൂനിയനുകള്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നാണ് സൂചന. ബുധനാഴ്ച ആരംഭിച്ച പണിമുടക്കും മാനേജ്‌മെന്റിന്റെ അനാസ്ഥമൂലമാണെന്ന ആക്ഷേപം ശക്തമാണ്.
Next Story

RELATED STORIES

Share it