ഉത്തര്‍പ്രദേശില്‍ 11 രാജ്യസഭാംഗങ്ങളുടെ ഒഴിവുകള്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന്; യുപിയില്‍ കൂറുമാറ്റ സാധ്യത

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന എന്നിവിടങ്ങളില്‍ ഇന്നു രാജ്യസഭാ തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ കൂറുമാറ്റത്തിനുള്ള സാധ്യതയാണു തെളിഞ്ഞുവരുന്നത്. സംസ്ഥാനത്ത് 11 രാജ്യസഭാംഗങ്ങളുടെ ഒഴിവുകളാണുള്ളത്. എന്നാല്‍ 12 സ്ഥാനാര്‍ഥികള്‍ മല്‍സരത്തിനുണ്ട്. ഒരു സ്ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ 34 വോട്ടുകള്‍ വേണം. 403 അംഗ നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടി 229, ബിഎസ്പി 80, ബിജെപി 41, കോണ്‍ഗ്രസ് 29 എന്നിങ്ങനെയാണു കക്ഷിനില. സ്വതന്ത്രന്‍മാരും ചെറു പാര്‍ട്ടികളില്‍ നിന്നുള്ളവരുമാണു ബാക്കി അംഗങ്ങള്‍. വോട്ടെടുപ്പില്‍ നിര്‍ണായകമാവുന്നത് ഇവരുടെ വോട്ടുകളാണ്. ഇതില്‍ എട്ട് അംഗങ്ങളുള്ള രാഷ്ട്രീയ ലോക്ദള്‍, സമാജ്‌വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസ്സിനും അവരുടെ വോട്ട് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. 80 അംഗങ്ങളുള്ള ബിഎസ്പിക്ക് തങ്ങളുടെ അംഗങ്ങളെ വിജയിപ്പിക്കാനുള്ള വോട്ടുകള്‍ക്കു പുറമെ 12 വോട്ടുകള്‍ മിച്ചമായുണ്ട്. ഇതാര്‍ക്കാണു നല്‍കുകയെന്നത് അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ബിജെപിക്കും അവരുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചുകഴിഞ്ഞാലും ഏഴു വോട്ടുകള്‍ മിച്ചമുണ്ട്. സന്നദ്ധപ്രവര്‍ത്തകനായ പ്രീതി മഹാപത്ര സ്വതന്ത്രസ്ഥാനാര്‍ഥിയായി രംഗത്തെത്തിയതാണു തിരഞ്ഞെടുപ്പ് സങ്കീര്‍ണമാക്കിയത്. 16 ബിജെപി എംഎല്‍എമാരും സമാജ്‌വാദി പാര്‍ട്ടിയിലെ വിമത എംഎല്‍എമാരും ചെറുകിട പാര്‍ട്ടികളിലെ സ്വതന്ത്ര അംഗങ്ങളുമാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത്. സമാജ്‌വാദി പാര്‍ട്ടി ഏഴു സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. 29 എംഎല്‍എമാരുള്ള കോണ്‍ഗ്രസ്സിന് അവരുടെ സ്ഥാനാര്‍ഥിയായ കപില്‍ സിബല്‍ തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ അഞ്ചു വോട്ടുകള്‍ കൂടി ലഭിക്കണം.അതേസമയം, കര്‍ണാടകയില്‍ നാലു രാജ്യസഭാ സീറ്റുകളിലാണു മല്‍സരം. കോണ്‍ഗ്രസ് രണ്ട് സീറ്റുകളില്‍ വിജയം ഉറപ്പാക്കി. ജയറാം രമേശും ഓസ്‌കര്‍ ഫെര്‍ണാണ്ടസുമാണ് ഇവര്‍. 33 വോട്ടുകള്‍ മിച്ചംവരുന്ന സാഹചര്യത്തില്‍ മൂന്നാമത്തെ സീറ്റിനായി മുന്‍ ഐപിഎസ് ഓഫിസര്‍ കെ സി രാമമൂര്‍ത്തിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവേക് താന്‍ഖ വിജയിക്കാന്‍ ഒരു വോട്ടിന്റെ കുറവുണ്ട്. നാല് ബിഎസ്പി എംഎല്‍എമാര്‍ താന്‍ഖയെ തുണയ്ക്കാന്‍ സന്നദ്ധരായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.ഹരിയാനയില്‍ ഐഎന്‍എല്‍ഡി പിന്തുണയ്ക്കുന്ന സ്വതന്ത്രന്‍ ആര്‍ കെ ആനന്ദിന് വോട്ട് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ആകെ ഒഴിവുള്ള രണ്ട് സീറ്റുകളിലൊന്നില്‍ കേന്ദ്രമന്ത്രി ബിരേന്ദര്‍ സിങ് ജയിക്കുമെന്നുറപ്പാണ്.
Next Story

RELATED STORIES

Share it