ഉത്തരാഖണ്ഡില്‍ ബിജെപി സൃഷ്ടിച്ച ഭരണപ്രതിസന്ധി

കോണ്‍ഗ്രസ്സിലെ വിമത എംഎല്‍എമാരെ ഉപയോഗിച്ചാണ് ഉത്തരാഖണ്ഡില്‍ ബിജെപി രാഷ്ട്രീയ അനിശ്ചിതത്വത്തിനു തിരികൊളുത്തിയത്. ഭരണപ്രതിസന്ധി നിലനില്‍ക്കെ ഇക്കഴിഞ്ഞ 26ന് രാത്രി വൈകി ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിന്റെ ശുപാര്‍ശയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കുകയായിരുന്നു. ഗവര്‍ണറുടെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രി ഹരീഷ് റാവത്ത് പിറ്റേന്ന് വിശ്വാസവോട്ട് തേടാനിരിക്കെയായിരുന്നു കേന്ദ്രത്തിന്റെ തിരക്കിട്ടുള്ള നീക്കം. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ ഒമ്പതു പാര്‍ട്ടി എംഎല്‍എമാര്‍ വിമതനീക്കം നടത്തിയതോടെയാണ്  രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചത്. ബജറ്റ് പാസാക്കാനൊരുങ്ങവെ ഇവര്‍ സര്‍ക്കാരിനെതിരേ തിരിയുകയായിരുന്നു. മുന്‍ മുഖ്യമന്ത്രിയും ഹരീഷ് റാവത്തിന്റെ എതിരാളിയുമായ വിജയ് ബഹുഗുണയുടെ നേതൃത്വത്തിലായിരുന്നു വിമതനീക്കം. ഇതിനിടെ ഹരീഷ് റാവത്ത് വിമത എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ഒളികാമറാദൃശ്യം പുറത്തുവരികയുണ്ടായി. കഴിഞ്ഞ നാലുവര്‍ഷമായി കോണ്‍ഗ്രസ് അധികാരത്തിലിരുന്ന ഉത്തരാഖണ്ഡ് നിയമസഭയിലെ 70 അംഗങ്ങളില്‍ 36 കോണ്‍ഗ്രസ് പ്രതിനിധികളും പുരോഗമന ജനാധിപത്യ സഖ്യത്തിലെ ആറുപേരും ഹരീഷ് റാവത്തിനെ പിന്തുണച്ചിരുന്നു. ബിജെപിക്ക് 28 അംഗങ്ങളുണ്ട്. ഒമ്പതുപേര്‍ വന്നതോടെ തങ്ങള്‍ക്ക് കേവല ഭൂരിപക്ഷം ഉണ്ടെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നുമാണു ബിജെപിയുടെ അവകാശവാദം. കൂറുമാറിയ എംഎല്‍എമാരെ സ്പീക്കര്‍ ഗോവിന്ദ്‌സിങ് കുഞ്ചാള്‍ അയോഗ്യരാക്കിയിരുന്നു.
Next Story

RELATED STORIES

Share it