Second edit

ഉത്തരധ്രുവം ഭീഷണിയില്‍



കടലിലും ആകാശത്തിലും മണ്ണിലും മനുഷ്യന്‍ വരുത്തിവയ്ക്കുന്ന നാശത്തിന്റെ പുതിയ ഇര ഉത്തരധ്രുവമാണ്. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ആര്‍ട്ടിക്കിലെ മഞ്ഞുപാളി പകുതിയിലധികം ഉരുകി വെള്ളമായി. ഇക്കണക്കിന് 2040 ആവുന്നതോടെ ആര്‍ട്ടിക്കില്‍ പൊതുവില്‍ മഞ്ഞുമലകള്‍ അപ്രത്യക്ഷമാവുമെന്നാണു പ്രവചനം. അതു ചെറിയ കാര്യമല്ല. ഇപ്പോള്‍ തന്നെ ആഗോള താപനത്തിന്റെ ദുരിതങ്ങള്‍ പലയിടത്തും കാണുന്നുണ്ട്. ധ്രുവപ്രദേശങ്ങളിലെ വെളുത്ത മഞ്ഞുമലകളാണ് സൂര്യരശ്മി ശൂന്യാകാശത്തേക്ക് പ്രതിഫലനത്തിലൂടെ തിരിച്ചയക്കുന്നത്. മഞ്ഞ് വെള്ളമാവുമ്പോള്‍ പ്രതിഫലനശേഷി കുറയുന്നു. മാത്രമല്ല, വെള്ളം ചൂട് ആഗിരണം ചെയ്യുകയും ചെയ്യുന്നു. മഞ്ഞുരുക്കം കൂടുതല്‍ വ്യാപകമാവാനാണ് ഇത് വഴിവയ്ക്കുക. മഞ്ഞുരുകി ധ്രുവപ്രദേശത്തെ മണ്ണ് വെളിച്ചത്താവുന്നതും ഗുണകരമല്ല. ധ്രുവപ്രദേശങ്ങളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഞ്ഞിനടിയിലുള്ള മണ്ണില്‍ ഒട്ടേറെ ജൈവപദാര്‍ഥങ്ങളുണ്ട്. അവ പുറത്തായാല്‍ കൂടുതല്‍ കാര്‍ബണ്‍ഡയോക്‌സൈഡും മീഥൈനും അന്തരീക്ഷത്തില്‍ കലരുന്നതിന് അതു കാരണമാവും. രണ്ടും ഹരിതഗൃഹവാതകങ്ങളാണ്.വേറെയും അനര്‍ഥങ്ങളുണ്ട്. വായുവിന്റെ തണുപ്പും ചൂടുമാണ് കാറ്റുണ്ടാക്കുന്നതില്‍ പ്രധാനം. ഉത്തരധ്രുവം ചൂടുപിടിച്ചാല്‍ അതിനനുസരിച്ച് അതില്‍ മാറ്റമുണ്ടാവും. ഉത്തരാര്‍ധഗോളത്തിലെ കടലില്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒഴുക്കിനെയും അതു ബാധിക്കും. അതായത് ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കം സ്വാഗതംചെയ്യേണ്ട ഒന്നല്ല എന്നാണു മനസ്സിലാക്കേണ്ടത്.
Next Story

RELATED STORIES

Share it