ഉത്തരക്കടലാസിന്റെ പകര്‍പ്പ്: രണ്ട് രൂപ മാത്രമേ ഈടാക്കാവൂ- ഹൈക്കോടതി

കൊച്ചി: ഉത്തരക്കടലാസിന്റെ പകര്‍പ്പ് ആവശ്യപ്പെടുന്നവരില്‍ നിന്നു വിവരാവകാശ നിയമപ്രകാരമുള്ള രണ്ട് രൂപ ഫീസ് മാത്രമേ ഓരോ പേപ്പറിനും ഈടാക്കാവൂവെന്ന് ഹൈക്കോടതി. സര്‍വകലാശാല ചട്ടപ്രകാരം പ്രത്യേക ഫീസ് നിരക്ക് നിലവിലുണ്ടെങ്കിലും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് ആ നിയമപ്രകാരമുള്ള തുക മാത്രമേ ബാധകമാവൂവെന്നു വിലയിരുത്തിയാണ് ഉത്തരവ്. തിരുവനന്തപുരം ഗവ. ലോ കോളജ് വിദ്യാര്‍ഥിയായ കെ ജി പ്രമോദ് കുമാറിന് അനുകൂലമായ സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ കേരള സര്‍വകലാശാല സമര്‍പ്പിച്ച അപ്പീല്‍ ഹരജി തള്ളിയാണ് ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടത്. പ്രമോദ് കുമാറിന്റെ പരീക്ഷാ ഉത്തരക്കടലാസിന്റെ പകര്‍പ്പാവശ്യപ്പെട്ട് സര്‍വകലാശാല വിവരാവകാശ കമ്മീഷണര്‍ക്ക് നല്‍കിയ അപേക്ഷയെ തുടര്‍ന്ന് ഒരു വിഷയത്തിന് 500 രൂപ വീതം കെട്ടിയാല്‍ നല്‍കാമെന്ന മറുപടിയാണു ലഭിച്ചത്. ഇതിനെതിരേ സംസ്ഥാന വിവരാവകാശ കമ്മീഷന് അപ്പീല്‍ നല്‍കി. തുടര്‍ന്നാണു വിവരാവകാശ നിയമപ്രകാരമുള്ള ഫീസ് മാത്രം വാങ്ങി ഉത്തരക്കടലാസുകള്‍ നല്‍കണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it