wayanad local

ഉച്ചഭക്ഷണ പദ്ധതി : വിദ്യാര്‍ഥികള്‍ കുറവുള്ള വിദ്യാലയങ്ങള്‍ പ്രതിസന്ധിയില്‍



മാനന്തവാടി: കുറഞ്ഞ വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ വിതരണത്തിന് സര്‍ക്കാര്‍ ഫണ്ട് വര്‍ധിപ്പിച്ചില്ല. ഇതോടെ ഈ വര്‍ഷം പിടിഎ കമ്മിറ്റികള്‍ ഞെരുക്കത്തിലായി. മുന്‍വര്‍ഷത്തെ പോലെ വിദ്യാര്‍ഥിക്ക് എട്ടു രൂപ എന്ന നിരക്കില്‍ തന്നെയാണ് ഈ വര്‍ഷവും സര്‍ക്കാര്‍ കണ്ടിജന്റ് ചാര്‍ജായി അനുവദിച്ചത്. പലവ്യഞ്ജനങ്ങളുടെ വിലവര്‍ധിച്ച സാഹചര്യത്തില്‍ കുട്ടികള്‍ക്ക് പോഷകമൂല്യമുള്ള ഉച്ചഭക്ഷണം നല്‍കാന്‍ ഈ തുക മതിയാവില്ലെന്നതാണ് പിടിഎ കമ്മിറ്റികളെ കുഴക്കുന്നത്. പയര്‍, പച്ചക്കറി, കടല, എണ്ണ, കടത്തുകൂലി, പാല്‍ എന്നിവയ്‌ക്കെല്ലാം ഈ വര്‍ഷം വില വര്‍ധിച്ചിട്ടുണ്ട്. ആഴ്ചയില്‍ ഒരു പുഴുങ്ങിയ മുട്ടയും 150 മില്ലിലിറ്റര്‍ തിളപ്പിച്ച പാലും നിര്‍ബന്ധമായി കുട്ടികള്‍ക്ക് നല്‍കണം. ഇതിനു പുറമെ രാവിലെയും വൈകീട്ടും ലഘുഭക്ഷണം നല്‍കാനും മുന്‍ വര്‍ഷങ്ങളിലേതു പോലെ  ഈ വര്‍ഷവും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിന് പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ല. പിടിഎ, തദ്ദേശസ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ തുടങ്ങിയവയെ ഫണ്ടിനായി സമീപിക്കാമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍, കടബാധ്യതകളില്ലാതെ ഉച്ചഭക്ഷണം തന്നെ നല്‍കാന്‍ കഴിയാത്ത വിദ്യാലയങ്ങള്‍ക്ക് പ്രഭാത ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. 150 കുട്ടികള്‍ ഫീഡിങ് സ്‌ട്രെങ്ത്തുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് 8 രൂപയും 500 കുട്ടികള്‍ വരെയുള്ള കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന വിദ്യാലയങ്ങളിലെ, 150ന് മുകളില്‍ വരുന്ന കുട്ടിക്ക് 7 രൂപയുമാണ് സര്‍ക്കാര്‍ ഈ വര്‍ഷവും അനുവദിച്ചത്. കൂടുതല്‍ കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കുമ്പോള്‍ താരതമ്യേന ചെലവ് കുറയുമെന്നും എന്നാല്‍, കുറഞ്ഞ കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കുമ്പോള്‍ തുക മതിയാവില്ലെന്നുമാണ് പിടിഎ ഭാരവാഹികള്‍ പറയുന്നത്. പ്രധാനാധ്യാപകരുടെ ശമ്പളവും പിടിഎ ഭാരവാഹികളുടെ കീശയിലെ കാശുമാണ് ഇത്തരത്തില്‍ നഷ്ടമാവുന്നത്. ഈ വര്‍ഷം മുതല്‍ വിദ്യാലയങ്ങളില്‍ പാചകത്തിനായി വിറക് ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. പകരം ഗ്യാസ് കണക്ഷനെടുക്കാന്‍ നിര്‍ദേശിക്കുകയും ഇതിനായി 5000 രൂപ വീതം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, രണ്ട് വലിയ ഗ്യാസ് അടുപ്പുകളും ഗ്യാസും വാങ്ങാന്‍ തുക തികയാതെ പിടിഎ ഫണ്ടില്‍ നിന്നു ചെലവഴിച്ചാണ് സൗകര്യങ്ങളൊരുക്കുന്നത്. വിദ്യാര്‍ഥികള്‍ കുറഞ്ഞ സ്‌കൂളുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുകയോ നിരക്ക് വര്‍ധിപ്പിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it