ഉംറ യാത്രക്കാര്‍ക്ക് 21 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മലപ്പുറം: ഉംറ യാത്രക്കാര്‍ക്കുള്ള സേവനത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിന് ഓരോ യാത്രക്കാരനും എയര്‍ഇന്ത്യ ഒരു ലക്ഷം രൂപ വീതവും 5000 രൂപ കോടതിച്ചെലവും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ ഫോറം വിധിച്ചു. ചേളാരിയിലെ ഒരു ട്രാവല്‍ ഏജന്‍സി മുഖേന ഉംറക്ക് കോഴിക്കോട്ടു നിന്നു യാത്ര പോയ അംഗങ്ങള്‍ക്കാണ് നഷ്ടപരിഹാരം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നു മക്കയിലേക്ക് യാത്രതിരിച്ച സംഘത്തിനു ഷെഡ്യൂള്‍ പ്രകാരം കോഴിക്കോട്ടു നിന്ന് മുംബൈയിലേക്കും മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക് മറ്റൊരു വിമാനത്തിലുമാണ് യാത്ര ചെയ്യേണ്ടിയിരുന്നത്. കോഴിക്കോട്ടു നിന്ന് മുംബൈയിലേക്ക് ഷെഡ്യൂള്‍ പ്രകാരം യാത്ര പോവാന്‍ പറ്റിയെങ്കിലും മുംബൈയില്‍ നിന്ന് ഇഹ്‌റാമില്‍ പ്രവേശിച്ച് വൈകീട്ട് 5.5ന് ജിദ്ദയിലേക്കുള്ള വിമാനത്തില്‍ കയറിയിരുന്ന ശേഷമാണ് യാത്രാറൂട്ടില്‍ മാറ്റം വരുത്തിയതായി അറിയിപ്പ് വന്നത്. മുംബൈയില്‍ നിന്ന് വിമാനം കൊച്ചിയിലേക്കു പോവുന്നതാണെന്നും കൊച്ചിയില്‍ നിന്നു പിന്നീട് ജിദ്ദയിലേക്ക് പുറപ്പെടുന്നതാണെന്നുമായിരുന്നു അറിയിപ്പ്. ഇതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചത് ബഹളത്തിനിടയാക്കുകയും തര്‍ക്കം കാരണം വിമാനം കുറേ നേരം റണ്‍വേയില്‍ നിര്‍ത്തിയിടുകയും ചെയ്തു. വിമാനത്തിനകത്തുള്ള യാത്രക്കാര്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനോ വെള്ളം കുടിക്കാനോ സൗകര്യമില്ലാതെ ബുദ്ധിമുട്ടി. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നതും ഇഹ്‌റാം വസ്ത്രം ധരിച്ച തീര്‍ത്ഥാടകര്‍ക്ക് ദുരിതമായി. തീര്‍ത്ഥാടന യാത്രയില്‍ നടത്തേണ്ട പ്രാര്‍ത്ഥനകളും മറ്റും ചെയ്യാന്‍ പറ്റാതായത് തീര്‍ത്ഥാടകരുടെ ദുഃഖം വര്‍ധിപ്പിച്ചു. വൈകീട്ട് 5 മണിക്ക് പുറപ്പെടേണ്ട വിമാനം രാത്രി 11 മണിക്കാണ് ടേക്ഓഫ് ചെയ്തത്. കൊച്ചിയില്‍ ഇറക്കിയ വിമാനത്തില്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നു വേറെയും യാത്രക്കാര്‍ കയറി. പിറ്റേ ദിവസം രാവിലെ 5.45നാണ് ജിദ്ദയിലെത്തിയത്. മുന്‍നിശ്ചയപ്രകാരം ഒരു ദിവസം മുമ്പുതന്നെ ജിദ്ദയില്‍ എത്തേണ്ടതായിരുന്നു. സ്വസ്ഥമായ മനസ്സോടെ ആരാധനകളില്‍ മുഴുകേണ്ട തീര്‍ത്ഥാടകര്‍ക്ക് അതിനു സാധിക്കാതെ വന്നത് വലിയ മാനസിക പ്രയാസത്തിനു കാരണമായി. ഇതിനു കാരണം എയര്‍ഇന്ത്യയുടെ സേവനത്തിലെ വീഴ്ചയാണെന്നും അതിനു നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉംറ ഗ്രൂപ്പിലെ 21 പേര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പരാതിക്കാര്‍ ഫോറം മുമ്പാകെ ഹാജരായി തെളിവ് കൊടുക്കുകയും യാത്രാരേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എയര്‍ഇന്ത്യക്കു വേണ്ടി അഭിഭാഷകന്‍ ഹാജരായെങ്കിലും തെളിവുകള്‍ നല്‍കിയില്ല. വിമാനത്തിന്റെ റൂട്ട് മാറ്റിയത് യാത്രക്കാരെ അറിയിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നു കണ്ടെത്തിയാണ് ഓരോ യാത്രക്കാരനും ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ഫോറം വിധിച്ചത്. പരാതിക്കാര്‍ക്കു വേണ്ടി അഡ്വ. സാദിഖ് നടുത്തൊടി ഹാജരായി.
Next Story

RELATED STORIES

Share it