kozhikode local

ഈ വര്‍ഷവും കുന്ദമംഗലം ഗവ. കോളജ് പുതിയ കെട്ടിടത്തിലേക്ക് മാറില്ല



കുന്ദമംഗലം: കുന്ദമംഗലം ഗവ. കോളജിന് ഈ അധ്യയനവര്‍ഷം പുതിയ കെട്ടിടത്തിലേക്ക് മാറാം എന്ന പ്രതീക്ഷ അസ്തമിച്ചു. 2016 ജനുവരി 31ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനാണ് ചാത്തമംഗലം പഞ്ചായത്തിലെ കോട്ടോല്‍ കുന്നില്‍ കോളജിന് തറക്കല്ലിട്ടത്. എന്നാല്‍ അനുവദിച്ച കോളജിന്റെ നിര്‍മാണ പ്രവൃത്തി എങ്ങുമെത്തിയില്ല. ഗവ. കോളജുകള്‍ ഇല്ലാത്ത എല്ലാ നിയോജക മണ്ഡലങ്ങളിലും കോളജുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതു പ്രകാരമാണ് കുന്ദമംഗലത്ത് കോളജ് അനുവദിച്ചത്. കഴിഞ്ഞ നവംബര്‍ മാസത്തിലാണ് കെട്ടിട നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. ഈ അധ്യയനവര്‍ഷം മുതല്‍ കോളജ് പുതിയ കെട്ടിടത്തില്‍ ആരംഭിക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ അടുത്ത അധ്യയന വര്‍ഷത്തിലും ഇവിടെ കോളജ് ആരംഭിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തലുകള്‍. കെട്ടിടത്തിന്റെ പ്രാഥമിക നിര്‍മാണ പ്രവൃത്തിയെന്ന നിലയില്‍ പില്ലര്‍ നിര്‍മാണം മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.25 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. കോളജ് പ്രവര്‍ത്തനമാരംഭിക്കാന്‍ വൈകുന്നത് യുഡിഎഫ് സര്‍ക്കാര്‍ സഹകരിക്കാത്തത് കൊണ്ടാണെന്നായിരുന്നു അന്ന് എംഎല്‍എ നല്‍കിയ വിശദീകരണം. ആര്‍ഇസി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ താല്‍ക്കാലിക കെട്ടിടത്തിലാണ് നിലവില്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. ബി കോം വിത്ത് ഫിനാന്‍സ്, ബിഎ ഡെവലപ്‌മെന്റ്, ഇക്കണോമിക്‌സ് വിത്ത് ഫണ്ടമെന്റല്‍സ് ഓഫ് ഫോറിന്‍ ട്രേഡ് ആന്‍ഡ് ബേസിക് ഇക്കണോമിക് മെത്തേഡ്‌സ്, ബിഎ ഇംഗ്ലിഷ് വിത്ത് ജേര്‍ണലിസം ആന്‍ഡ് പബ്ലിക് റിലേഷന്‍ എന്നീ കോഴ്‌സുകളാണ് കോളജില്‍ നിലവിലുള്ളത്. പരിമിതമായ സാഹചര്യത്തില്‍ ഒതുങ്ങിക്കൂടിയ, വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഏക പ്രതീക്ഷ ഈ അധ്യായന വര്‍ഷമെങ്കിലും പുതിയ കെട്ടിടത്തിലേക്ക് മാറുമെന്നായിരുന്നു.
Next Story

RELATED STORIES

Share it