ഇ- പോസ് മെഷീന്‍ സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലേക്കും

തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ ഇ-പോസ് മെഷീന്‍ സ്ഥാപിക്കും. കേരളത്തിലെ 1500 ഔട്ട്‌ലെറ്റുകളിലും ഈ സാമ്പത്തിക വര്‍ഷം ഇ-പോസ് മെഷീന്‍ സ്ഥാപിക്കാനാണ് തീരുമാനം. റേഷന്‍കടകളില്‍ ഇ-പോസ് മെഷീന്‍ സ്ഥാപിച്ചതിനു പിന്നാലെയാണ് സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലും ഇവ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതോടൊപ്പം താലൂക്ക് ആസ്ഥാനങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളായി മാറ്റും.
പലവ്യഞ്ജനം, പച്ചക്കറി, ബേക്കറി ഉല്‍പന്നങ്ങള്‍, മല്‍സ്യം, മാംസം തുടങ്ങി എല്ലാ സാധനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന വിധത്തിലാവും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സജ്ജീകരിക്കുക. ഉപഭോക്താക്കളുടെ പരാതിപരിഹാരത്തിനായി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കാനും തീരുമാനിച്ചു. നിലവില്‍ ജില്ലാ-സംസ്ഥാനതലങ്ങളില്‍ ഉപഭോക്തൃ ഫോറങ്ങളാണുള്ളത്.
ഡയറക്ടറേറ്റ് വരുന്നതോടെ ഉപഭോക്താക്കളുടെ പരാതികള്‍ക്കു വേഗം പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. മറ്റു പല സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 14 ജില്ലകളിലും കണ്‍സ്യൂമര്‍ ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കും. തിരുവനന്തപുരം കേന്ദ്രീകരിച്ച് കോള്‍ സെന്ററും പ്രവര്‍ത്തിക്കും. ഉപഭോക്തൃ സംരക്ഷണത്തിനായി പ്രത്യേക മാനദണ്ഡം തയ്യാറാക്കി പ്രസിദ്ധീകരിക്കാനും തീരുമാനമായി. ഇ പോസ് സംവിധാനം വരുന്നതോടു കൂടി തട്ടിപ്പുകള്‍ ഒഴിവാക്കാമെന്നാണ് സര്‍ക്കാര്‍ അവകാശവാദം.
Next Story

RELATED STORIES

Share it