ഇ അഹമ്മദ് ജനക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച നേതാവ്: രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ജനക്ഷേമം മുന്‍നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നു ഇ അഹമ്മദ് എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാഷ്ട്രീയക്കാരനായി ചുരുങ്ങാതെ സ്വയമൊരു പ്രസ്ഥാനമായി മാറിയ നേതാവായിരുന്നു അഹമ്മദ് എന്നും അദ്ദേഹം അനുസ്മരിച്ചു. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന ഇ  അഹമ്മദ് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകായിരുന്നു രാഹുല്‍ഗാന്ധി. ചടങ്ങില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ സന്ദേശവും വായിച്ചു. രാജ്യം അപകടകരമായ സ്ഥിതിയിേലക്കാണു നീങ്ങുന്നതെന്നാണ് അവസാന നിമിഷങ്ങളില്‍ ഇ അഹമ്മദിനെ കാണാന്‍ കുടുംബത്തെ അനുവദിക്കാതിരുന്ന അധികൃതരുടെ സമീപനം കാണിക്കുന്നതെന്നു നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. അഹമ്മദിനൊപ്പം പല പ്രാവശ്യം കേരളത്തില്‍ പോയിട്ടുണ്ട്. സാധാരണ ജനങ്ങള്‍ അദ്ദേഹത്തോടു കാണിക്കുന്ന ആദരവും സ്‌നേഹവും നേരില്‍ക്കാണാന്‍ തനിക്കു ഭാഗ്യമുണ്ടായിട്ടുണ്ടെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ഒരേ കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച വ്യക്തികളായിരുന്നു താനും ഇ അഹമ്മദുമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗം നികത്തപ്പെടാത്ത വിടവാണെന്നും ആന്റണി പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ ജോലി ചെയ്യുന്ന കാലത്തു തന്നെ ഇ അഹമ്മദിനെക്കുറിച്ച് താന്‍ കേള്‍ക്കാറുണ്ടായിരുന്നുവെന്നും നേരില്‍ കണ്ടപ്പോള്‍ വളരെ സന്തോഷത്തോടെയാണു സ്വീകരിച്ചതെന്നും ശശി തരൂര്‍ എംപി പറഞ്ഞു.മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍, സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, സിപിഐ നേതാവ് ഡി രാജ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എംപിമാരായ വയലാര്‍ രവി, കെ വി തോമസ്, എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, പി കെ ബിജു, ജോസ് കെ മാണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം കെ രാഘവന്‍, പി വി അബ്ദുല്‍ വഹാബ്, പി പി മുഹമ്മദ് ഫൈസല്‍ (ലക്ഷദ്വീപ്), സി എന്‍ ജയദേവന്‍, സി പി നാരായണന്‍, ഇ അഹമ്മദിന്റെ മക്കളായ റഈസ്, നസീര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it