Flash News

ഇസ്രായേലുമായി ധാരണ : ഫലസ്തീന്‍ തടവുകാര്‍ നിരാഹാരസമരം നിര്‍ത്തിവച്ചു



വെസ്റ്റ്ബാങ്ക്: 41 ദിവസമായി ഇസ്രായേല്‍ ജയിലുകളില്‍ നിരാഹാര സമരം നടത്തിവന്ന നൂറുകണക്കിനു ഫലസ്തീന്‍ തടവുകാര്‍ ഇസ്രായേലുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ നിരാഹാരം നിര്‍ത്തിവച്ചതായി ഫലസ്തീന്‍ തടവുകാരുടെ വേദി അറിയിച്ചു. ഇസ്രായേലിലെ അസ്‌കലാന്‍ ജയിലില്‍ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണു നിരാഹാരം നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം. മര്‍വാന്‍ ബര്‍ഗൂഥി അടക്കം നിരാഹാര സമരത്തിനു നേതൃത്വം നല്‍കുന്നവരുമായി ഇസ്രായേല്‍ ജയിലധികൃതര്‍ 20 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയിലാണ് ധാരണ രൂപപ്പെട്ടതെന്നു ഫലസ്തീന്‍ തടവുകാരുടെ വേദി വക്താവ് ഹസന്‍ അബ്ദുര്‍റബ്ബ് പറഞ്ഞു. വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് നിരാഹാരം നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശം ഇസ്രായേല്‍-ഫലസ്തീന്‍ തടവുകാര്‍ക്കു മുമ്പില്‍ വച്ചത്. തടവുകാരുടെ ആവശ്യം പരിഗണിക്കുന്നതിനു പകരം 24 മണിക്കൂര്‍ നേരത്തേക്കാണ് നിരാഹാരം നിര്‍ത്തിവയ്ക്കുന്നതെന്നും റാമല്ലയിലെ അല്‍ജസീറ ഓഫിസ് മേധാവി വലീദ് അല്‍ഉംരി പറഞ്ഞു. തടവുകാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതായും തടവുകാരുടെ നിരാഹാര സമരത്തിന്റെ വിജയമാണിതെന്നും മര്‍വാര്‍ ബര്‍ഗൂഥി തടവുകാരുടെ വേദി അധ്യക്ഷനെ അറിയിച്ചിട്ടുണ്ട്.നേരത്തേ മര്‍വാന്‍ ബര്‍ഗൂഥിയുമായി ചര്‍ച്ചയിലേര്‍പ്പെടാന്‍ തയ്യാറല്ലെന്ന നിലപാടാണ് ഇസ്രായേല്‍ ഭരണകൂടം സ്വീകരിച്ചത്. രാത്രി സമയത്ത് കൂടി ഉപ്പും വെള്ളവും ഒഴിവാക്കി നോമ്പെടുക്കാനാണ് തങ്ങളുദ്ദേശിക്കുന്നതെന്ന് നിരാഹാരത്തിലുള്ള തടവുകാര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. തടവുകാരുടെ ജീവന്‍ അപകടത്തിലാക്കുന്ന തീരുമാനമായിരുന്നു അത്. നിരാഹാരമനുഷ്ഠിക്കുന്നവരുടെ ആരോഗ്യസ്ഥിതിയില്‍ യുഎന്‍ ഉള്‍പ്പെടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it