Kottayam Local

ഇഷ്ടപ്രകാരം നിയമവ്യവസ്ഥകളെ വ്യാഖ്യാനിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍



കോട്ടയം: ഇഷ്ട പ്രകാരം നിയമവ്യവസ്ഥകളെ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മൂന്നാര്‍ കാറ്ററിങ് കോളജിനെതിരേയാണ് കമ്മീഷനംഗം കെ മോഹന്‍കുമാറിന്റെ പരാമര്‍ശം. പാല വള്ളിച്ചിറ സ്വദേശി പ്രദീഷ് തോമസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മൂന്നാര്‍ കാറ്ററിങ് കോളജില്‍ സീനിയര്‍ ലക്ചററായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിതനായ പരാതിക്കാരന്‍ മാനേജ്‌മെന്റിന്റെ ആവശ്യ പ്രകാരം ജോലി രാജിവച്ചിരുന്നു. എന്നാല്‍ അവസാന മാസത്തെ ശമ്പളവും ജോലിക്കു ചേരുന്ന സമയത്ത് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകളും തിരികെ നല്‍കിയില്ല. ഇതിനെതിരേയാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.കമ്മീഷന്‍ കോളജില്‍ നിന്ന് റിപോര്‍ട്ട് വാങ്ങിയിരുന്നു. പരാതിക്കാരന്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് സെമസ്റ്ററിനിടയില്‍ രാജിവയ്ക്കുകയായിരുന്നുവെന്ന് കാറ്ററിങ് കോളജിന്റെ റിപോര്‍ട്ടില്‍ പറയുന്നു. ഇത് വിദ്യാര്‍ഥികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കി. കരാര്‍ വ്യവസ്ഥ പ്രകാരമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തീകരിച്ച് ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. മാനേജ്‌മെന്റിന്റെ ആവശ്യ പ്രകാരമാണ് താന്‍ രാജിവച്ചതെന്നും ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് വ്യവസ്ഥകള്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ബാധകമെന്നും പരാതിക്കാരന്‍ വാദിച്ചു. പരാതിക്കാരന്‍ ഹാജരാക്കിയ കരാറിലും നിയമന ഉത്തരവിലും വ്യവസ്ഥകള്‍ക്കു വിപരീതമായി പിരിഞ്ഞുപോയാല്‍ സര്‍ട്ടിഫിക്കേറ്റ് കൈവശം വയ്ക്കാന്‍ മാനേജ്‌മെന്റിന് അവകാശമുണ്ടെന്നു പറയുന്നില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. കരാര്‍ വ്യവസ്ഥകള്‍ പ്രകാരം നിയമാനുസൃത നടപടികള്‍ മാത്രം മാനേജ്‌മെന്റിനു സ്വീകരിക്കാമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പരാതിക്കാരന്‍ കോളജ് അധികൃതര്‍ക്ക് അപേക്ഷ നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it