ഇശ്‌റത് ജഹാന്‍ കേസ്; ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍: രാഷ്ട്രീയ ഗൂഢാലോചന

മുഹമ്മദ് പടന്ന

മുംബൈ: 26-11 ഭീകരാക്രമണക്കേസിലെ പ്രതിയായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വെളിപ്പെടുത്തലുകള്‍ അന്വേഷണവിധേയമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഹെഡ്‌ലിയെ ഉപയോഗിച്ച് ബിജെപി ഗവണ്‍മെന്റ് രാഷ്ട്രീയ നാടകം കളിക്കുകയാണെന്നു വിവിധ കോണുകളില്‍ നിന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
2004 ജൂണ്‍ 15ന് ഗുജറാത്ത് പോലിസ് വെടിവച്ചു കൊന്ന മുംബൈ നിവാസി ഇശ്‌റത് ജഹാന്‍ ലശ്കറെ ത്വയ്യിബയുടെ വനിതാ ചാവേര്‍ ആണെന്നായിരുന്നു ഇന്നലെ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍. ഈ വിഷയം വന്‍ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.
ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം നിയമിച്ച എസ്‌ഐടിയും അന്വേഷണ ഏജന്‍സിയായ സിബിഐയും വ്യാജ ഏറ്റുമുട്ടലാണെന്നു കണ്ടെത്തിയ ഈ കേസില്‍ ഗുജറാത്ത് പോലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം വിചാരണ നേരിടുകയാണ്. രണ്ട് കുറ്റപത്രങ്ങള്‍ ഈ കേസില്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഹെഡ്‌ലിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ . അന്വേഷണത്തിന്റെ കുന്തമുന ബിജെപിയുടെ ഉന്നത കേന്ദ്രങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട് എന്നതുകൊണ്ടുതന്നെ ഇതില്‍ ദുരൂഹത ഏറുകയാണ്.
കൊലപാതകത്തെ തീവ്രവാദത്തിലേക്കു വഴിമാറ്റി പ്രതികളെ രക്ഷിക്കാനാണു ശ്രമമെന്നു കോണ്‍ഗ്രസ് പ്രതികരിച്ചു. തെ ളിവ് നിയമ പ്രകാരം പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം ഭരണഘടനാലംഘനം നടത്തിയതായി വിചാരണയില്‍ സന്നിഹിതനായിരുന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ അഭിഭാഷകന്‍ ഷെഹ്‌സാദ് പൂനവാല ആരോപിച്ചു.
പ്രതിയുടെ ഓര്‍മയില്‍ നിന്നു വരുന്നതു മാത്രമേ നിയമപ്രകാരം തെളിവായി സ്വീകരിക്കാവൂ എന്നിരിക്കെ ഇശ്‌റത്തിന്റേതടക്കം മൂന്നു പേരുകള്‍ ഉജ്വല്‍ നിഗം ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ കൊടുക്കുകയായിരുന്നു. ഇതു തികച്ചും നിയമവിരുദ്ധമാണ്- അദ്ദേഹം പറഞ്ഞു. അക്ഷര്‍ധാം ക്ഷേത്രം അക്രമിക്കാനും അന്നത്തെ മുഖ്യമന്ത്രിയായ മോദിയെ വധിക്കാനും പദ്ധതിയിട്ട ലശ്കര്‍ തീവ്രവാദിയാണ് ഇശ്‌റത് ജഹാന്‍ എന്നു സ്ഥാപിക്കുക വഴി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള നീചശ്രമം ഉണ്ടോ എന്ന് അന്വേഷണത്തിലൂടെ കണ്ടെത്തണമെന്ന് ഇശ്‌റത്തിന്റെ കുടുംബ വക്കീല്‍ വൃന്ദ ഗ്രോവര്‍ ആവശ്യപ്പെട്ടു.
വെളിപ്പെടുത്തല്‍ വന്നയുടനെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, അസദുദ്ദീന്‍ ഉവൈസി, സോണിയ, രാഹുല്‍ തുടങ്ങിയവര്‍ മാപ്പുപറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. നിരപരാധിയായ മകളെ തീവ്രവാദിയാക്കി രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നവര്‍ക്കെതിരേ വീണ്ടും നിയമപോരാട്ടം നടത്തുമെന്ന് ഇശ്‌റത്തിന്റെ കുടുംബാംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇശ്‌റത്തും മലയാളിയായ പ്രാണേഷ് കുമാറും അടക്കം മൂന്നുപേരെയാണ് 2004ല്‍ ഗുജറാത്ത് പോലിസ് വധിച്ചത്.
Next Story

RELATED STORIES

Share it