Flash News

ഇറാന്‍ വിപ്ലവ ഗാര്‍ഡ്‌സ് ഉദ്യോഗസ്ഥര്‍ക്ക് യുഎസ് ഉപരോധം

വാഷിങ്ടണ്‍: യമനിലെ ഹൂഥി വിമതര്‍ക്ക് ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യകള്‍ കൈമാറി എന്നാരോപിച്ച് ഇറാന്‍ വിപ്ലവ ഗാര്‍ഡ്‌സിലെ ഉദ്യോഗസ്ഥര്‍ക്ക് യുഎസ് ട്രഷറി ഉപരോധം ഏര്‍പ്പെടുത്തി.
അഞ്ച് ഇറാന്‍ ഉദ്യോഗസ്ഥരുടെ സഹായത്താലാണ് ഹൂഥി വിമതര്‍ സൗദി അറേബ്യയിലെ നഗരങ്ങള്‍ക്കും എണ്ണ ഉല്‍പാദനകേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്നതെന്നും ചൊവ്വാഴ്ച യുഎസ് ട്രഷറി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തങ്ങളുടെ ഉറ്റ പങ്കാളികളായ സൗദി അറേബ്യയെ ആക്രമിക്കാന്‍ ഹൂഥികള്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നത് പൊറുക്കാനാവില്ലെന്നും ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുചിന്‍ അറിയിച്ചു. ഇറാന്‍ വിപ്ലവ ഗാര്‍ഡ്‌സിന്റെ സഹായം ഹൂഥികളുടെ ബാലിസ്റ്റിക് മിസൈല്‍ ക്ഷമത വര്‍ധിപ്പിക്കാനിടയാക്കിയതായും അദ്ദേഹം പറഞ്ഞു.
ഇറാന്‍ വിപ്ലവ ഗാര്‍ഡ്‌സിന്റെ കമാന്‍ഡര്‍ മഹ്മൂദ് ബഖിരി, ആഖാ ജാഫ്‌റി എന്നിവരാണ് ഉപരോധ പട്ടികയിലുള്ള രണ്ടുപേര്‍. ഉപരോധം ഏര്‍പ്പെടുത്തിയവര്‍ക്ക് യുഎസില്‍  സ്വത്തുവകകള്‍ ഉണ്ടെങ്കില്‍ മരവിപ്പിക്കും. യുഎസ് പൗരന്‍മാര്‍ ഇവര്‍ക്ക് സാമ്പത്തികമായോ മറ്റോ സഹായം നല്‍കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇറാനെതിരേ ഉപരോധം ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പ്രഖ്യാപിച്ചിരുന്നു. 12 നിബന്ധനകളാണ് ഇറാനെതിരേ മുന്നോട്ടുവച്ചിരിക്കുന്നത്. സിറിയയില്‍ നിന്നു പിന്‍മാറണം, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി ഉപേക്ഷിക്കണം, ജല റിയാക്ടറുകള്‍ അടയ്ക്കണം, അമേരിക്കന്‍ പൗരന്‍മാരെ വിട്ടയക്കണം, താലിബാന്‍, ഹൂഥി, ഹിസ്ബുല്ല, ഹമാസ് എന്നിവരെ സഹായിക്കരുത്, ഇറാഖിലെ സര്‍ക്കാരിനെ പിന്തുണയ്ക്കണം തുടങ്ങിയവയാണ് പ്രധാന ഉപാധികള്‍. ഇതിനു പിന്നാലെയാണ് ട്രഷറി ഉപരോധം.
എന്നാല്‍ തങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഒരു രാജ്യത്തിന്റേയും അംഗീകാരം തേടില്ലെന്ന് ഇറാന്‍ വിപ്ലവ ഗാര്‍ഡ്‌സ് മേജര്‍ ജനറല്‍ മഹ്മൂദ് ഭഖിരി അറിയിച്ചു . മേഖലയില്‍ ഇറാന്റെ സ്വാധീനം കുറയ്ക്കണമെന്ന യുഎസ് നിര്‍ദേശവും അദ്ദേഹം തള്ളി. ഇറാന്‍ സൈന്യം ദൈവത്തിനു നന്ദി പറയുകയാണ്.  സൈന്യത്തിന് ഇപ്പോള്‍ പ്രതിരോധ ആയുധങ്ങള്‍ ശേഖരിക്കാം. തങ്ങളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ആരുടെയും അനുവാദത്തിന് കാത്തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it