Editorial

ഇറാന്‍ ഉപരോധത്തിന് തിരശ്ശീല

ഇറാനെ വരിഞ്ഞുമുറുക്കാനായി അമേരിക്കയും സഖ്യശക്തികളും പ്രയോഗിച്ചുവന്ന സാമ്പത്തിക ഉപരോധത്തിന് ഒരു പരിധിവരെ തിരശ്ശീല വീണിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പൂര്‍ണമായി നടപ്പാക്കുകയുണ്ടായെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഉപരോധ നടപടികള്‍ പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നടത്തിയിരിക്കുന്നത്. നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞത്, ഇറാന്റെ സാമ്പത്തിക വികസനത്തിന് ഇതു വളരെയേറെ ഉേത്തജനം നല്‍കുമെന്നാണ്.

പശ്ചിമേഷ്യയിലെ ഇരുളടഞ്ഞ സമകാല അന്തരീക്ഷത്തില്‍ പ്രതീക്ഷയുടെ പൊന്‍വെളിച്ചം പ്രസരിപ്പിക്കുന്ന ഒരു മിന്നലാട്ടം തന്നെയാണ് പുതിയ സംഭവവികാസങ്ങള്‍. ദീര്‍ഘവും ക്ഷമാപൂര്‍ണവുമായ ചര്‍ച്ചകളിലൂടെയാണ് ഇറാനും അമേരിക്കയും ഇത്തരത്തിലുള്ളൊരു ധാരണയില്‍ എത്തിച്ചേര്‍ന്നത്. ഇറാന്‍ വിപ്ലവകാലം മുതല്‍ പരസ്പരം ഏറ്റുമുട്ടലിന് ഒരുങ്ങിനിന്ന രാജ്യങ്ങളാണ് രണ്ടും. ഇറാനെ തകര്‍ക്കാനായി ഏതറ്റംവരെ പോകാനും അമേരിക്ക തയ്യാറായിരുന്നു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഭിന്നതകള്‍ പരമാവധി വര്‍ധിപ്പിച്ച് തങ്ങളുടെ സ്ഥാപിതതാല്‍പര്യങ്ങള്‍ക്ക് അനുഗുണമാക്കിയെടുക്കുന്നതില്‍ ഇസ്രായേല്‍ ബദ്ധശ്രദ്ധവുമായിരുന്നു. ഇറാന്‍ ഉപരോധം പിന്‍വലിച്ചതില്‍ ഏറ്റവും വലിയ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നത് ഇസ്രായേലാണെന്നതു ചിന്താര്‍ഹമാണ്. വെടക്കാക്കി തനിക്കാക്കുകയെന്ന ഇസ്രായേലിന്റെ പരമ്പരാഗത തന്ത്രം ഇത്തവണ പരാജയപ്പെട്ടുവെന്നു വേണം കരുതാന്‍. കഴിഞ്ഞ വര്‍ഷം ജൂലൈ 14നു ലോകശക്തികളും ഇറാനും ചേര്‍ന്ന് അംഗീകരിച്ച കരാര്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ഇറാന്‍ ആത്മാര്‍ഥമായി ശ്രമിക്കുകയുണ്ടായെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വ്യക്തമാക്കിയിരിക്കുന്നു.

കരാറിന്റെ ഭാഗമായി 8.5 ടണ്‍ സമ്പുഷ്ട യുറേനിയമാണ് അവര്‍ റഷ്യയിലേക്കു മാറ്റിയത്. അതേപോലെ തങ്ങളുടെ ആണവനിലയങ്ങളിലെ 12,000 സെന്‍ട്രിഫ്യൂജുകള്‍ അവര്‍ പ്രവര്‍ത്തനരഹിതമാക്കി. പ്ലൂട്ടോണിയം നിര്‍മാണത്തിനു വേണ്ടി സമീപകാലത്ത് ആരംഭിച്ച അരാക് ആണവനിലയം അവര്‍ പൂര്‍ണമായും അടച്ചുപൂട്ടി. ഈ നടപടികള്‍ വഴി അണുബോംബ് ഉണ്ടാക്കാനുള്ള തങ്ങളുടെ ശേഷി പ്രായോഗികമായി ഉപേക്ഷിക്കുകയാണ് ഇറാന്‍ ചെയ്തിരിക്കുന്നത്. അതേസമയം, സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉപയോഗിക്കാനുള്ള ശേഷി അവര്‍ നിലനിര്‍ത്തുന്നുമുണ്ട്. തങ്ങളുടെ ആണവോര്‍ജപദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് എന്നുതന്നെയാണ് ഇറാന്‍ എക്കാലത്തും പറഞ്ഞുകൊണ്ടിരുന്നത്. അതു വിശ്വസിക്കാന്‍ അമേരിക്കയും സഖ്യരാജ്യങ്ങളും ഒരിക്കലും തയ്യാറായില്ലെന്നു മാത്രം. പ്രസിഡന്റ് ബറാക് ഒബാമയുടെ അധികാരത്തിലെ അവസാന വര്‍ഷത്തില്‍ അഭിമാനകരമായ നേട്ടം തന്നെയാണ് ഇപ്പോള്‍ കൈവരിച്ചിരിക്കുന്നത്. ഒബാമയും അദ്ദേഹത്തിന്റെ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ലോകത്തിന്റെ അഭിനന്ദനം അര്‍ഹിക്കുന്നു. അതേപോലെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫും ലോകത്തിന്റെ ബഹുമാനാദരങ്ങള്‍ അര്‍ഹിക്കുന്നു. സമാധാനത്തിലേക്കുള്ള ഏതു ചെറിയ കാല്‍വയ്പും ഇന്നു ലോകത്തിന് അവഗണിക്കാനാവുന്നതല്ല. ഭീതിയുടെ ഇക്കാലത്ത് സമാധാനത്തെ സംബന്ധിച്ചു പ്രതീക്ഷ നല്‍കുന്ന ഏതു നീക്കവും ആഹ്ലാദകരം തന്നെ.
Next Story

RELATED STORIES

Share it