ഇറാഖ്: സദര്‍ പ്രക്ഷോഭകര്‍ ഗ്രീന്‍ സോണ്‍ വിട്ടു; ബഗ്ദാദില്‍ അടിയന്തരാവസ്ഥ

ബഗ്ദാദ്: ഇറാഖില്‍ രാഷ്ട്രീയ പരിഷ്‌കരണം ആവശ്യപ്പെട്ട് ഗ്രീന്‍സോണിലേക്ക് ഇരച്ചുകയറിയ ശിയാ നേതാവ് മുഖ്തദ അല്‍ സദര്‍ അനുകൂലികള്‍ ഗ്രീന്‍സോണ്‍ വിട്ടു. കഴിഞ്ഞദിവസം പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറിയതിനു പിന്നാലെ സര്‍ക്കാര്‍ ബഗ്ദാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ബഗ്ദാദില്‍ പാര്‍ലെമന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ ഓഫിസും വിവിധ എംബസികളും സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാ മേഖലയാണ് ഗ്രീന്‍സോണ്‍. ഇവിടേക്ക് ആയിരക്കണക്കിനു വരുന്ന പ്രക്ഷോഭകര്‍ കഴിഞ്ഞദിവസം ഇരച്ചുകയറിയിരുന്നു. 24 മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പുസമരത്തിനു ശേഷമാണു പ്രക്ഷോഭകരുടെ പിന്‍വാങ്ങല്‍.
സര്‍ക്കാരിലെ അഴിമതിക്ക് അന്ത്യം കുറിച്ച് രാഷ്ട്രീയ പരിഷ്‌കരണം കൊണ്ടുവരികയെന്ന തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ വീണ്ടും പ്രതിഷേധം നടത്തുമെന്ന് അവര്‍ അറിയിച്ചു. രാജ്യത്ത് ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ തുടര്‍ച്ചയായാണു പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറിയത്. പ്രതിഷേധക്കാര്‍ കസേരകളും മറ്റും നശിപ്പിക്കുകയും പാര്‍ലമെന്റംഗങ്ങളെ മര്‍ദ്ദിക്കുകയും ചെയ്തതായി റിപോര്‍ട്ടുണ്ട്. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്‌ക്കെതിരേ സദര്‍ വാര്‍ത്താസമ്മേളനം നടത്തി മിനിറ്റുകള്‍ക്കുള്ളിലായിരുന്നു പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് ഉപരോധിച്ചത്. ഗ്രീന്‍ സോണിലെ വിവിധ ഓഫിസുകളിലേക്കും പ്രതിഷേധക്കാര്‍ കടന്നുചെന്നു. പ്രധാനമന്ത്രിയും പ്രസിഡന്റും സ്പീക്കര്‍മാരും രാജിവയ്ക്കണമെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഉത്തരവിട്ടതിനു പിന്നാലെയാണ് പിരിഞ്ഞുപോക്ക്.
Next Story

RELATED STORIES

Share it