Alappuzha local

ഇരു മുന്നണികള്‍ക്കും വിജയ പ്രതീക്ഷ; കായംകുളത്ത് യുവരക്തങ്ങളുടെ തീപാറുന്ന പോരാട്ടം

കായംകുളം: ജില്ലയുടെ തെക്കേ അതിര്‍ത്തിയിലായി ഓണാട്ടുകരയുടെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന കായംകുളം മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടം.
ഒരു മുനിസിപ്പാലിറ്റിയും അഞ്ചുപഞ്ചായത്തുകളിലുമായി 199516 വോട്ടര്‍മാരാണുള്ളത്. 92781 പുരുഷവോട്ടര്‍മാരും 106626 സ്ത്രീ വോട്ടര്‍മാരും 109 പ്രവാസി വോട്ടര്‍മാരുമുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള മണ്ഡലവും കായംകുളമാണ്.
ഇരു മുന്നണികള്‍ക്കും ഒരുപോലെ പ്രതീക്ഷയുള്ള മണ്ഡലം കൂടിയാണിത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരരംഗത്തുള്ളത് അഭിഭാഷകനായ എം ലിജുവാണ്. വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള എം ലിജു കെപിസിസിയുടെ ഏറ്റവും പ്രായംകുറഞ്ഞ ജനറല്‍ സെക്രട്ടറിയാണ്.
കഴിഞ്ഞ 10 വര്‍ഷമായി മണ്ഡലം നിലനിര്‍ത്തി പോരുന്ന എല്‍ഡിഎഫ് വനിതാ സ്ഥാനാര്‍ഥിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. അരനൂറ്റാണ്ടിനു ശേഷമാണ് ഒരു വനിതാ സ്ഥാനാര്‍ഥി കായംകുളത്തുനിന്നു നിയമസഭയിലേക്ക് മല്‍സരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി 1957ല്‍ കായംകുളത്തുനിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആയിഷ ഭായി ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 1960 ലും ഐഷാഭായി കായംകുളത്തുനിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
55 വര്‍ഷത്തിനുശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സര രംഗത്തെത്തിയിരിക്കുന്നത് അഭിഭാഷകയായ അഡ്വ. യു പ്രതിഭാ ഹരിയാണ്. 2000 ത്തില്‍ തകഴി പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിഭാഹരി പിന്നീട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
മുന്നണികളെ ആശയക്കുഴപ്പത്തിലാക്കി ബിഡിജെസ് സ്ഥാനാര്‍ഥി ഷാജി എം പണിക്കരും മല്‍സരരംഗത്തുണ്ട്. മാവേലിക്കര നഗരസഭ അംഗമായ ഷാജി കായംകുളത്തുനിന്നും ആര്‍ടിഒആയി വിരമിച്ചയാളാണ്. പിഡിപി സ്ഥാനാര്‍ഥി അഡ്വ. മുട്ടം നാസര്‍, വിശ്വകര്‍മ സമുദായ കൂട്ടായ്മ സ്ഥാനാര്‍ഥി പി മണിയപ്പന്‍ ആചാരി, അജിത്ത് പി, എം ലിജു എന്നിവര്‍ മല്‍സരരംഗത്തുണ്ട്.
Next Story

RELATED STORIES

Share it