kannur local

ഇരിട്ടി -വളവുപാറ റോഡ് പുനനിര്‍മാണം പുരോഗമിക്കുന്നു



ഉരുവച്ചാല്‍: തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡിന്റെ നിര്‍മാണം ദ്രുതഗതിയില്‍. തലശ്ശേരി മുതല്‍ കൂട്ടുപുഴ പാലം വരെ 56 കിലോമീറ്റര്‍ റോഡ് രണ്ടു റീച്ചുകളായി തിരിച്ചാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ കളറോഡ് മുതല്‍ കൂട്ടുപുഴ വരെ 26 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണ പ്രവൃത്തിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഉളിയില്‍ മുതല്‍ പുന്നാട് വരെയുള്ള രണ്ടു കിലോമീറ്റര്‍ റോഡിന്റെ മേക്കാഡം ടാറിങും തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു.ഇരിട്ടി, കൂട്ടുപുഴ, കളറോഡ്, ഉളിയില്‍ പാലങ്ങളാണ് രണ്ടാം റീച്ചില്‍ വരുന്നത്. ഇതില്‍ ഏറ്റവും വലിയ പാലമായ ഇരിട്ടി പാലത്തിന്റെ ഒരു ഭാഗത്തുള്ള തൂണ്‍ നിര്‍മിച്ചു കഴിഞ്ഞു. റോഡിലെ വളവുകളും തിരിവുകളും ഒഴിവാക്കലും കലുങ്കുകളുടെ പ്രവൃത്തിയും പുരോഗമിക്കുന്നു. വളവുകള്‍ വരുന്ന ഭാഗങ്ങളിലെ മണ്‍തിട്ടകളും ചെറിയ കുന്നുകളും ഇടിച്ചുനിരത്തി. ഇരിട്ടി മുതല്‍ ബെന്‍ഹില്‍ സ്‌കൂള്‍ വരെ വരുന്ന അഞ്ചു കിലോ മീറ്ററിലെ മരങ്ങള്‍ മുറിച്ചുനീക്കാന്‍ തുടങ്ങിയതോടെ പണി ദ്രുതഗതിയിലായി. പോലിസ് സ്‌റ്റേഷന് മുന്നില്‍ ഇട്ടിരിക്കുന്ന വാഹനങ്ങള്‍ കാരണം ഇരിട്ടി റസ്റ്റ് ഹൗസ് മുതല്‍ ആറളം വനംവകുപ്പ് ഓഫിസ് വരെ പ്രവൃത്തി തടസ്സപ്പെട്ടിരിക്കുകയാണ്.പെരുമ്പാവൂരിലെ ഇകെകെ കണ്‍സ്ട്രക്്ഷന്‍ കമ്പനിയാണ് രണ്ടാം റീച്ചിന്റെ നിര്‍മാണ പ്രവൃത്തി കരാര്‍ എടുത്തിരിക്കുന്നത്. 209 കോടിയാണ് കരാര്‍ തുക. 2018 ജൂണില്‍ പണി പൂര്‍ത്തിയാക്കാനാണ് വ്യവസ്ഥ. ഇതേ റോഡിന്റെ ആദ്യറീച്ചായ തലശ്ശേരി മുതല്‍ കളറോഡ് വരെയുള്ള മൂന്നു പാലങ്ങളുടെയും 28 കിലോമീറ്റര്‍ റോഡിന്റെയും പണി ഡല്‍ഹി ആസ്ഥാനമായ ദിനേശ് ചന്ദ്ര അഗര്‍വാള്‍ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. 156 കോടിയാണ് കരാര്‍ തുക. എരഞ്ഞോളി, മെരുവമ്പായി, കരേറ്റ പാലങ്ങളാണ് ഒന്നാം റീച്ചില്‍ ഉള്‍പ്പെടുക. രണ്ടാം റീച്ചിന്റെ പണി ദ്രുതഗതിയില്‍ നടക്കുമ്പോഴും ഒന്നാം റീച്ചിന്റെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതായി പരാതിയുണ്ട്്.
Next Story

RELATED STORIES

Share it