kannur local

ഇരിട്ടി പോലിസ് സ്‌റ്റേഷന് മുന്നിലെ വാഹനങ്ങള്‍ നീക്കാന്‍ നടപടി തുടങ്ങി



ഇരിട്ടി: തലശ്ശേരി-വളവുപാറ കെഎസ്ടി പി റോഡ് വികസനത്തിനായി ഇരിട്ടി പോലിസ് സ്‌റ്റേഷന് മുന്നിലെ പോലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ മാറ്റാന്‍ നടപടി തുടങ്ങി. റോഡരികില്‍ നൂറോളം വാഹനങ്ങളാണ് കിടക്കുന്നത്. ഇതുമൂലം റോഡ് വീതികൂട്ടലും മരം മുറിക്കല്‍ പ്രവൃത്തിയും അനിശ്ചിതമായി നീളുകയായിരുന്നു. സ്‌റ്റേഷന്‍ മതില്‍ പൊളിച്ചുവേണം റോഡ് വീതികൂട്ടാന്‍. മതിലിന് സമീപവും മറ്റുമായി നിരവധി വാഹനങ്ങളാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. വിവിധ കേസുകളിലായി വര്‍ഷങ്ങള്‍ക്കു മുമ്പ് കസ്റ്റഡിയിലെടുത്തതാണ് എല്ലാം. തുരുമ്പെടുത്തും മറ്റും നിര്‍ത്തിയ സ്ഥലത്തുനിന്ന് മറ്റാന്‍ കഴിയാത്ത വിധം നശിച്ച നിലയിലാണ് പലതും. കെഎസ്ടിപി അധികൃതര്‍ നേരത്തെ തന്നെ വാഹനം മാറ്റാന്‍ പോലിസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ടെന്‍ഡര്‍ വിളിച്ചെങ്കിലും ആരും വന്നില്ല. കരാര്‍ കമ്പനി ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാലംഗ കമ്മിറ്റിയെ നിയോഗിച്ചു. ഇവരുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ക്ക് നമ്പറിട്ട് തിരിച്ച് പൊതുജനങ്ങളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുകയാണ്. മാറ്റുന്ന വാഹനങ്ങള്‍ ഉളിക്കല്‍ പോലിസ് സ്‌റ്റേഷന്‍ കോംപൗണ്ടിലേക്കാണ് കൊണ്ടുപോവുക. ഇതിനു വേണ്ടിവരുന്ന ചെലവ് കെഎസ്ടിപി വഹിക്കും. റോഡ് വീതികൂട്ടുന്നതിന് ഇരിട്ടി മുതല്‍ ബെന്‍ഗില്‍ വരെയുള്ള മരംമുറി പൂര്‍ത്തിയായി വരികയാണ്. ഇരിട്ടി സ്റ്റേഷനു മുന്നിലെ മരങ്ങള്‍ മാത്രമാണ് ഇനി മുറക്കാനുള്ളത്. വാഹനങ്ങള്‍ മാറ്റുന്നതോടെ ഇവിടെയും വീതികൂട്ടല്‍ പ്രവൃത്തി ആരംഭിക്കും.
Next Story

RELATED STORIES

Share it