Flash News

ഇരതേടി നാട്ടിലിറങ്ങിയ പുലിക്ക് ദാരുണ അന്ത്യം



തെന്‍മല(കൊല്ലം): ഇരതേടി നാട്ടിലിറങ്ങിയ പുലി കമ്പിവേലിയില്‍ കുരുങ്ങി ചത്തു. അഞ്ച് വയസ്സോളം പ്രായമുള്ള ആണ്‍പുലിയാണ് ചത്തത്. തെന്‍മല വനം ഡിവിഷനിലെ ആര്യങ്കാവ് റേഞ്ചില്‍ ഇടപ്പാളയം ഫോറസ്റ്റ് സെക്ഷനില്‍ ഇന്നലെ രാവിലെ ഒമ്പതോടെയാണു സംഭവം.ഇടപ്പാളയം സ്വദേശി ഷെമീറിന്റെ എസ്‌റ്റേറ്റില്‍ വന്യമൃഗങ്ങള്‍ കടക്കാതിരിക്കുന്നതിനു വേണ്ടി നിര്‍മിച്ച ഇരുമ്പ് വേലിയില്‍ രാവിലെ 5.30ഓടെ ടാപ്പിങ് തൊഴിലാളിയാണ് പുലി കുരുങ്ങിക്കിടക്കുന്നതും രക്ഷപ്പെടുന്നതിനായി പരിശ്രമിക്കുന്നതും കണ്ടത്. ഉടന്‍ തന്നെ സെക്ഷന്‍ ഫോറസ്റ്ററുള്‍പ്പെടെയുള്ള വനം ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വിവരമറിയിച്ചു. എന്നാല്‍ മണിക്കൂറുകള്‍ വൈകി വനപാലകരെത്തിയപ്പോഴേക്കും പുലി ചത്തിരുന്നു. തെന്‍മല ഡിഎഫ്ഒ പി മീനാക്ഷി, ആര്യങ്കാവ് റേഞ്ച് ഓഫിസര്‍ ജിയാസുദിന്‍ ലബ്ബ, ഇടപ്പാളയം സെക്ഷന്‍ ഫോറസ്റ്റര്‍ പ്രസാദ് എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികളെടുത്തു. കോന്നിയില്‍ നിന്നും എത്തിയ വനം വകുപ്പ് വെറ്ററിനറി ഡോക്ടര്‍ ജയകുമാര്‍ ഇന്‍ക്വസ്റ്റ്  നടത്തി. തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി പുലിയുടെ ജഡം പാലോട് വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചു. വനംവകുപ്പ് അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it