ഇരകളുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്ന തീരദേശവാസികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. പൂന്തുറയില്‍ അല്‍ഫോന്‍സാ കമ്യൂണിറ്റി ഹാളില്‍ ഇന്നലെ വൈകീട്ടായിരുന്നു സന്ദര്‍ശനം. പത്തുമിനിറ്റോളം ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ശ്രവിച്ച അദ്ദേഹം മല്‍സ്യത്തൊഴിലാളികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കേന്ദ്രസര്‍ക്കാര്‍ കൂടെയുണ്ടാവുമെന്നും പറഞ്ഞു. ചുഴലിക്കാറ്റില്‍പെട്ട് കാണാതായവരെ ക്രിസ്മസിന് മുമ്പായി തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രം നടത്തി വരുകയാണ്. ദുരന്തം ഉണ്ടായപ്പോള്‍ കേന്ദ്രത്തിന്റെ സേനകള്‍ അടിയന്തരമായി ഇടപെട്ടു. അതിനാലാണ് നിരവധി പേരെ രക്ഷിക്കാനായത്. കുറെയേറെ മല്‍സ്യത്തൊഴിലാളികള്‍ ഗുജറാത്ത് തീരത്തുംമറ്റും എത്തപ്പെട്ടു. അവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. എന്നാല്‍, ചിലര്‍ മല്‍സ്യബന്ധനത്തിനുതന്നെ വീണ്ടും പോയതായാണ് വിവരം. നിര്‍ഭാഗ്യവശാല്‍ ജീവന്‍ നഷ്ടമായവരുണ്ട്. അവരുടെ കുടുംബത്തിന്റെ വേദന മനസ്സിലാക്കി കേന്ദ്ര സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കും. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമായതിനാലാണ് ദുരന്തമുണ്ടായതിന് പിന്നാലെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍തന്നെ നേരിട്ട് കേരളത്തിലെത്തിയതെന്നും മോദി പറഞ്ഞു. ഉച്ചയ്ക്ക് 1.50ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി കന്യാകുമാരിക്കു പോയി. കന്യാകുമാരിയിലെ മല്‍സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ച ശേഷം സര്‍ക്കാര്‍ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. 4047 കോടിയുടെ ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമി പ്രധാമന്ത്രിയോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് 4.45ഓടെയാണ് പൂന്തുറയിലെത്തിയത്. പൂന്തുറ, വിഴിഞ്ഞം, പുല്ലുവിള തീരത്തെ മല്‍സ്യത്തൊഴിലാളികളാണ് കമ്യൂണിറ്റി ഹാളിലെത്തിയിരുന്നത്. മോദിയോട് സംസാരിക്കുന്നതിനിടെ പലരും വിങ്ങിപ്പൊട്ടി. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ജെ മെഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, വി ശിവകുമാര്‍ എംഎല്‍എ, ബിജെപി നേതാക്കളും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മോദി മടങ്ങുമ്പോഴും പരാതികളുമായി മല്‍സ്യത്തൊഴിലാളികള്‍ രംഗത്തുണ്ടായിരുന്നു. ഇവരില്‍ പലരും മോദിക്കെതിരേ പ്രതിഷേധിച്ചു. കാണാതായവരെ ക്രിസ്മസിന് മുമ്പ് മടക്കിക്കൊണ്ടുവരുമെന്ന് പറയുന്ന പ്രധാനമന്ത്രി എങ്ങനെയാണെന്നുകൂടി വ്യക്തമാക്കണമെന്ന് മല്‍സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. വെറുതെവന്ന് സന്ദര്‍ശിച്ചുപോയതുകൊണ്ട് തങ്ങള്‍ക്ക് എന്താണ് നേട്ടമെന്നും അവര്‍ ചോദിച്ചു. വൈകീട്ട് ഏഴേകാലോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി ഡല്‍ഹിക്ക് തിരിച്ചുപോയി.
Next Story

RELATED STORIES

Share it