Azhchavattam

ഇരകളാവാന്‍ സ്വയം വിധിക്കപ്പെടുന്നവര്‍

ഇരകളാവാന്‍ സ്വയം വിധിക്കപ്പെടുന്നവര്‍
X
hridaya-thejas

മേരിക്കന്‍ രാഷ്ട്രീയത്തില്‍ കണ്‍സര്‍വേറ്റിസം എന്നാല്‍ നീഗ്രോകളെ അവരിപ്പോഴുള്ള നിലയിലും സ്ഥിതിയിലും നിലനിര്‍ത്തുകയെന്നാണര്‍ഥം. ലിബറലിസമെന്നാല്‍ നീഗ്രോകളെ ഇപ്പോഴുള്ള അവസ്ഥയില്‍ തളച്ചിടുക എന്നുതന്നെയാണര്‍ഥം.പക്ഷേ, നന്നായി പെരുമാറുമെന്ന് വാഗ്ദാനം ചെയ്ത് നീഗ്രോകളെ വിഡ്ഢികളാക്കുക എന്നുകൂടി ലിബറലിസത്തിനര്‍ഥമുണ്ട്.

ഇവയിലൊന്നിനെ സ്വീകരിക്കുക എന്നതിനര്‍ഥം കണ്‍സര്‍വേറ്റീവ് ചെന്നായയുടെയോ, ലിബറല്‍ കുറുക്കന്റെയോ ഇരയായിത്തീരുക എന്നാണ്. രണ്ടു പക്ഷവും നീഗ്രോകളെ കൊന്നൊടുക്കും- മാല്‍കം എക്‌സ് നീഗ്രോകളെക്കുറിച്ചെഴുതിയ ഈ വരികള്‍ ഇന്ത്യയിലെ അധഃസ്ഥിതരും അസ്പൃശ്യരുമായ ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളവും ഏറക്കുറേ ശരിയാണെന്നാണ് അനുഭവവും ചരിത്രവും പറഞ്ഞുതരുന്നത്. ജനങ്ങളുടെ താല്‍പര്യവും രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പര്യവും തമ്മിലുള്ള വൈരുധ്യമാണ് ഇതിലൂടെ പ്രകടമാവുന്നത്.

തിരഞ്ഞെടുപ്പുകള്‍ ജനഹിത പരിശോധന എന്ന നിലയ്ക്കാണ് പരിചയപ്പെടുത്തുന്നത്. ജനാധിപത്യത്തില്‍ പൗരന്റെ സ്ഥാനവും പ്രാധാന്യവും വിളിച്ചറിയിക്കുന്ന അവസരമായി തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നു. എങ്കിലും സമ്മതിദായകര്‍ കടലിനും ചെകുത്താനും നടുവില്‍ നില്‍ക്കുന്ന സാഹചര്യമാണ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത്. ജനങ്ങള്‍ തങ്ങളുടെ ദുസ്ഥിതികള്‍ പരിഹരിക്കാനുള്ള തുറന്ന അവസരങ്ങളായാണ് തിരഞ്ഞെടുപ്പുകളെ കാണുന്നത്.

ഭക്ഷണത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും പാര്‍പ്പിടത്തെക്കുറിച്ചുമുള്ള തങ്ങളുടെ ഉല്‍ക്കണ്ഠകള്‍ മാറിക്കിട്ടണമെന്നാണ് ജനങ്ങള്‍ അഭിലഷിക്കുന്നത്. നിര്‍ഭയമായി ജീവിക്കാനുള്ള സാഹചര്യം സംജാതമാവണമെന്നവര്‍ ആഗ്രഹിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും അവര്‍ അഭിലഷിക്കുന്നു. എന്നാല്‍, ജനങ്ങളെ മാസ് ഹിസ്റ്റീരിയക്ക് വിധേയരാക്കി മൗലികാവകാശങ്ങളെക്കുറിച്ച് വിസ്മൃതരാക്കാനാണ് ഏതാണ്ടെല്ലാ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും ശ്രമിക്കുന്നത്.

ഭൂമിയെയും കൃഷിയെയും ആശ്രയിച്ച് കഴിയുന്നവരായിരുന്നു മലയാളികള്‍. ഇന്നേക്കും ഭാവിയിലേക്കും മനുഷ്യര്‍ക്കുള്ള ഭക്ഷണത്തിന്റെയും മൃഗങ്ങള്‍ക്കുള്ള തീറ്റയുടെയും അസംസ്‌കൃത പദാര്‍ഥങ്ങളുടെയും സ്രോതസ്സാണ് കൃഷിഭൂമി. ഒരു തുണ്ട് ഭൂമിയില്‍ ജന്തുവര്‍ഗങ്ങള്‍ക്കായുള്ള ജൈവവൈവിധ്യങ്ങള്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍, സ്വദേശികളും വിദേശികളുമായ വ്യവസായികള്‍ക്കും അതിസമ്പന്നര്‍ക്കും ഭൂമിയും കൃഷിയിടങ്ങളും ആദിവാസി മേഖലകളും തീറെഴുതിക്കൊടുക്കുന്നതില്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മല്‍സരിച്ചുകൊണ്ടിരിക്കുന്നു.

ജാതീയതയ്ക്കും വിഭാഗീയതയ്ക്കും കാവലിരിക്കുന്നവരാണ് ഭരണകര്‍ത്താക്കളില്‍ അധികപേരും. ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തില്‍ ജാതീയതയ്‌ക്കെതിരേയുള്ള സമരത്തിലൂടെയല്ലാതെ ജനാധിപത്യത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് മുന്നോട്ടുപോവാനാവില്ല. ഈ സത്യം മനസ്സിലാക്കിയിട്ടും വികസനത്തെയും പുരോഗമനത്തെയും പിടിച്ചാണയിടുന്നവര്‍ ജാതീയതയ്‌ക്കെതിരേ ശബ്ദമുയര്‍ത്താന്‍ തയ്യാറാവുന്നില്ല. എന്നുമാത്രമല്ല, പല നിലകളിലും അതിനു പിന്തുണ നല്‍കുകയാണ്. ഉച്ചനീചത്വം തകര്‍ക്കുന്നതിന് രാഷ്ട്രീയ നേതൃത്വത്തിന്റെയോ ഭരണത്തിന്റെയോ യാതൊരു സഹായവും ജനങ്ങള്‍ക്ക് ലഭ്യമാവുന്നില്ല.

മാല്‍കം എക്‌സ് പറഞ്ഞതുപോലെ രണ്ടാലൊരു ദുശ്ശക്തിയെ വിജയിപ്പിച്ചുകൊണ്ട് ഇരകളായി കഴിഞ്ഞുകൂടുകയാണ് നാം. നിലവിലുള്ള തിരഞ്ഞെടുപ്പുകളും അതിലൂടെയുള്ള ഭരണമാറ്റവും പ്രത്യേകിച്ച് ഒരു നന്മയും കൊണ്ടുവരാത്ത സാഹചര്യമാണുള്ളത്. ജനങ്ങള്‍ അവസരത്തിനൊത്തുയര്‍ന്ന് രാഷ്ട്രീയത്തെ സാമൂഹികപ്രവര്‍ത്തനത്തിന്റെ ആയുധമാക്കി മാറ്റാന്‍ ശ്രമിക്കേണ്ട സന്ദര്‍ഭമാണ് തിരഞ്ഞെടുപ്പ്. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെക്കുറിച്ച സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള സന്ദര്‍ഭമാക്കണം അത്. രാഷ്ട്രീയ ഭിക്ഷാംദേഹികളെ തറപറ്റിക്കാനുള്ള സംഘം ചേരലായിരിക്കണം തിരഞ്ഞെടുപ്പുകള്‍. പണവും പ്രകടനത്തിലൂടെയും പ്രചാരണത്തിലൂടെയും നേടിയെടുക്കുന്ന ആകര്‍ഷണീയതയും ഗാംഭീര്യവും തിരഞ്ഞെടുക്കപ്പെടുന്നവന്റെ മാനദണ്ഡമായി പരിഗണിക്കുന്ന മനോഭാവം മാറ്റിയെടുക്കണം. തെറ്റായാലും ശരിയായാലും മുഖ്യധാരാ രാഷ്ട്രീയത്തിനും അതിന്റെ സാരഥികള്‍ക്കും പിന്തുണ നല്‍കുന്ന ശൈലി മാറണം. നിലപാടുകള്‍ക്ക് പിന്തുണ നല്‍കുന്ന പ്രബുദ്ധമായ ഒരു രാഷ്ട്രീയത്തെ കൈയേല്‍ക്കണം. അതിന്റെ അഭാവത്തില്‍ എപ്പോഴും ജനാധിപത്യത്തില്‍ ഫാഷിസത്തിന്റെ മുറികള്‍ മാത്രമേ തുറക്കപ്പെടൂ. തിരഞ്ഞെടുപ്പും ഭരണകൂടമാറ്റവും തന്നെ ഇല്ലാതാക്കുന്ന മഹാദുരന്തത്തിലേക്ക് പതിക്കുന്നതിനു മുമ്പ് രാജ്യത്തിന്റെ ഭരണനിര്‍വഹണം അര്‍ഹരായ രാഷ്ട്രീയ നേതൃത്വത്തിന് പതുക്കെപ്പതുക്കെയെങ്കിലും ഏല്‍പിച്ചുകൊടുക്കുന്ന ഒരു പ്രക്രിയക്ക് തുടക്കം കുറിക്കാനെങ്കിലും ഈ തിരഞ്ഞെടുപ്പുകാലം നാം വിനിയോഗിക്കുക.
Next Story

RELATED STORIES

Share it