ഇയു-തുര്‍ക്കി അഭയാര്‍ഥി ധാരണ നിയമവിരുദ്ധമെന്ന് യുഎന്‍

ബ്രസ്സല്‍സ്: രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങള്‍ക്കു പകരമായി അനധികൃത അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് തിരിച്ചയക്കാനുള്ള യൂറോപ്യന്‍ യൂനിയന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് യുഎന്നിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും മുന്നറിയിപ്പ്.
നടപടി അഭയാര്‍ഥി സുരക്ഷയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നതായും അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു. വിദേശികളെ കൂട്ടത്തോടെ പുറത്താക്കാനുള്ള ഈ ശ്രമം മനുഷ്യാവകാശ ലംഘനമാണെന്നു യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ യൂറോപ്പിലെ ഡയറക്ടര്‍ വിന്‍സന്റ് കോഹ്‌ടെലും ചൂണ്ടിക്കാട്ടി. മൂന്നാം ലോക രാജ്യങ്ങളില്‍നിന്ന് വരുന്ന വിദേശികളെ സ്വീകരിക്കുന്ന നടപടി യൂറോപ്യന്‍ നിയമത്തിലോ അന്തര്‍ദേശീയ നിയമത്തിലോ ഉള്‍പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് തുര്‍ക്കിയും ഇയുവും ഇതു സംബന്ധിച്ച് ധാരണയിലെത്തിയത്. 'വണ്‍ ഇന്‍ വണ്‍ ഔട്ട്' എന്ന കരാര്‍ ചരിത്ര പ്രധാനമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെലാ മെര്‍കല്‍ അഭിപ്രായപ്പെട്ടിരുന്നു. രേഖകളില്ലാതെ അനധികൃതമായി തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലെത്തുന്ന അഭയാര്‍ഥികളെ തിരിച്ച് ഏറ്റെടുക്കണമെന്നതാണ് കരാറിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഇപ്രകാരം അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനു പകരമായി തുര്‍ക്കിയില്‍ നിന്നു സിറിയന്‍ അഭയാര്‍ഥികളെ യൂറോപ്യന്‍ യൂനിയന്‍ ഏറ്റെടുക്കും. നിലവില്‍ 27.5 ലക്ഷത്തിലേറെ അഭയാര്‍ഥികള്‍ക്ക് തുര്‍ക്കി അഭയം നല്‍കുന്നുണ്ട്. ഇവരിലേറെ പേരും സിറിയയില്‍ നിന്നുള്ളവരാണ്. ഗ്രീസിലെത്തിയ അഭയാര്‍ഥികളെ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി തുര്‍ക്കി പൗരന്മാര്‍ക്ക് വിസയില്ലാതെ ഷെങ്കന്‍ മേഖലയിലേക്ക് യാത്രാനുമതി നല്‍കും.
2016 ജൂണ്‍ അവസാനത്തോടെയാണ് ഇത് പ്രാബല്യത്തിലാവുക. അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി ഫണ്ടും അനുവദിക്കും. അതോടൊപ്പം യൂനിയനില്‍ തുര്‍ക്കിക്ക് അംഗത്വം നല്‍കുന്നതും പരിശോധിക്കും.
Next Story

RELATED STORIES

Share it