Flash News

ഹയാത്ത് മുഹമ്മദ് ; മലയാളം വിവര്‍ത്തനത്തിനു മൂന്നരപ്പതിറ്റാണ്ട്



പി സി അബ്ദുല്ല

കോഴിക്കോട്: വിഖ്യാത ഈജിപ്ഷ്യന്‍ സാഹിത്യകാരന്‍ ഡോ. മുഹമ്മദ് ഹുസയ്ന്‍ ഹൈക്കലിന്റെ ഹയാത്ത് മുഹമ്മദ് എന്ന പ്രവാചക ജീവചരിത്ര പുസ്തകത്തിന്റെ മലയാള വിവര്‍ത്തനത്തിനു മൂന്നരപ്പതിറ്റാണ്ട്. കഴിഞ്ഞ 35 വര്‍ഷത്തിനിടെ പ്രവാചകസംബന്ധിയായ 100കണക്കിനു പുസ്തകങ്ങള്‍ വിപണിയില്‍ ഇറങ്ങിയിട്ടും ഡോ. ഹൈക്കലിന്റെ മുഹമ്മദ് വായനയിലും വില്‍പനയിലും ഇന്നും മുന്‍പന്തിയില്‍. 'മുഹമ്മദ്‌ന്റെ' മലയാള വിവര്‍ത്തന ചരിത്രം, ധിഷണാശാലികളായ ഒരുസംഘമാളുകളുടെ പ്രവാചക സ്‌നേഹത്തിന്റെയും ആവിഷ്‌കാര നിര്‍വൃതിയുടെയും ചരിത്രം കൂടിയാണ്. കേരളത്തിലെ ഇസ്‌ലാമിക പ്രസിദ്ധീകരണ മേഖല കാലോചിതമായ പരിഷ്‌കാരങ്ങളിലേക്കു ഗതിമാറ്റപ്പെട്ടതും 'മുഹമ്മദ്‌ന്റെ' പരിഭാഷയ്ക്ക് പിന്നാലെയാണ്. ഡോ. ഹൈക്കലിന്റെ മാസ്റ്റര്‍പീസ് ആയാണ് ഹയാത്ത് മുഹമ്മദ് വായന ലോകത്ത് ഇന്നും കൊണ്ടാടപ്പെടുന്നത്. ആധുനിക കാലത്ത് എഴുതപ്പെട്ട ഏറ്റവും പ്രമാണയോഗ്യമായ പ്രവാചക ചരിത്രം എന്നതാണു കൃതിയുടെ സവിശേഷത. വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ നിരീക്ഷണങ്ങളുടെ പിന്‍ബലമാണ് ഡോ. ഹൈക്കല്‍ ഗ്രന്ഥരചനയ്ക്ക് ഉപയോഗിച്ചത് എന്നതു ഹയാത്ത് മുഹമ്മദിനെ ഏറ്റവും ശ്രദ്ധേയമാക്കിയ ഘടകമാണ്. പൂര്‍ണമായ ചരിത്ര യാഥാര്‍ഥ്യങ്ങളുടെ വെളിച്ചത്തില്‍ പ്രവാചക ദൗത്യം അനാവരണം ചെയ്യുക എന്നതോടൊപ്പം ആധുനിക കാലത്ത് ഇസ്‌ലാമിന്റെ പ്രസക്തി പ്രവാചക ജീവിതത്തിലൂടെ വരച്ചുകാട്ടുക എന്നതുകൂടിയായിരുന്നു ഈ കൃതിയിലൂടെ ഡോ. ഹൈക്കല്‍ ലക്ഷ്യമിട്ടത്. ഫിലാഡല്‍ഫിയയിലെ ടെംപിള്‍ യൂനിവേഴ്‌സിറ്റി പ്രഫസറായ ഇസ്മായില്‍ രാജി ഫാറൂഖിയാണ് ഹയാത്ത് മുഹമ്മദ് ആദ്യമായി ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത്. 1958ല്‍ ഇംഗ്ലീഷ് പരിഭാഷ പൂര്‍ത്തിയായെങ്കിലും ഇസ്‌ലാം വിരുദ്ധ ശക്തികളുടെ ഗൂഢനീക്കങ്ങള്‍ കാരണം 1976ലേ അത് പുറത്തിറങ്ങിയുള്ളൂ. 1970കളുടെ അവസാനത്തില്‍ ചടുലമായ സാമൂഹിക സാഹചര്യങ്ങളില്‍ രൂപപ്പെട്ട മലബാറിലെ ഒരു സംഘമാളുകളുടെ കൂട്ടായ്മയില്‍ നിന്നാണ് ഡോ. ഹൈക്കലിന്റെ പുസ്തകത്തിന്റെ മലയാള പരിഭാഷ എന്ന ആശയം ഉയിര്‍കൊണ്ടത്. കോഴിക്കോടും തലശ്ശേരിയും കേന്ദ്രമായി പ്രവര്‍ത്തിച്ച വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഹിറാ പ്രസ് എന്ന ആശയത്തിനു രൂപംനല്‍കിയാണ് 'മുഹമ്മദ്‌ന്റെ' മലയാള പരിഭാഷ യാഥാര്‍ഥ്യമാക്കിയത്. പരേതനായ ഡോ. എം അഹമ്മദ്(തലശ്ശേരി), ജമാല്‍ മുഹമ്മദ്(മലപ്പുറം), സര്‍ സയ്യിദ് കോളജ് ലക്ചറര്‍ പി വി സഈദ് മുഹമ്മദ്, ഇ അബൂബക്കര്‍, കെ പി കമാലുദ്ദീന്‍, കെസി സലീം, പ്രഫ. പി കോയ, വി എ കബീര്‍, പരേതനായ എം എ റഹ്മാന്‍ തുടങ്ങിയവരുടെ ചിന്തകളും നിരന്തര പ്രയത്‌നങ്ങളുമാണ് ഡോ. ഹൈക്കലിന്റെ പ്രവാചക ചരിത്രം മലയാളത്തില്‍ എത്തിച്ചത്. മലയാളത്തിലെ അക്കാലത്തെ കിസ്സപ്പാട്ടു മാതൃകയിലുള്ള സാമ്പ്രദായിക ഇസ്‌ലാമിക പ്രസിദ്ധീകരണ രീതിയില്‍ നിന്നു വ്യത്യസ്തമായി കാലോചിതവും ഭാഷാ മേന്‍മയും ആവിഷ്‌കാരഭംഗിയുമുള്ള ഇസ്‌ലാമിക സാഹിത്യ പ്രസാധനം സാധ്യമാവണമെന്ന ചര്‍ച്ചകള്‍ ഹിറാ ബുക്‌സിന്റെ സ്ഥാപനത്തിലും തുടര്‍ന്ന് 'മുഹമ്മദിന്റെ' മലയാള പരിഭാഷയിലും ചെന്നെത്തി. കോഴിക്കോട്ടെ ഇസ്‌ലാമിക് യൂത്ത് സെന്ററും തലശ്ശേരിയിലെ ഡോ. അഹമ്മദിന്റെ വസതിയും കേന്ദ്രീകരിച്ചായിരുന്നു ഹിറാ ബുക്‌സിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍. പ്രീ പബ്ലിക്കേഷനായി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിന്റെ വിവര്‍ത്തന ചുമതല കെ പി കമാലുദ്ദീനായിരുന്നു. രണ്ടാംഭാഗം ഇപ്പോള്‍ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് എഡിറ്ററായ വി എ കബീറാണ് വിവര്‍ത്തനം ചെയ്തത്. പിആര്‍ഡിയില്‍ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച കെ സി സലീമിനായിരുന്നു പ്രൂഫ് വായനയുടെ ചുമതല. കോഴിക്കോട് മാതൃഭൂമി പ്രസില്‍ നിന്നാണ് മുഹമ്മദ്‌ന്റെ ആദ്യ അച്ചടി നിര്‍വഹിച്ചത്. പ്രമുഖ കലാകാരന്‍ സി എന്‍ കരുണാകരനാണ് 'മുഹമ്മദിന്റെ' കവര്‍ പേജ് രൂപകല്‍പന ചെയ്തത്. മലയാളത്തിലെ ഇസ്‌ലാമിക പ്രസിദ്ധീകരണരംഗത്ത് ഇത്തരം പരീക്ഷണങ്ങള്‍ ആദ്യമായി അരങ്ങേറിയത് ഡോ. ഹൈക്കലിന്റെ വിവര്‍ത്തന പുസ്തകത്തിലൂടെയാണ്. 1981ലാണ് മുഹമ്മദ് മലയാള പരിഭാഷ പുറത്തിറങ്ങിയത്. ആദ്യത്തെ 2000 കോപ്പി സമീപ മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിറ്റഴിഞ്ഞു. പിന്നീട് ഇതുവരെയായി ആറ് പതിപ്പുകള്‍ പുറത്തിറങ്ങി. കോഴിക്കോട് പ്രതിഭ ബുക്‌സും ആലുവ മനാഫ് ഫൗണ്ടേഷനും 'മുഹമ്മദി'ന്റെ ചില പതിപ്പുകള്‍ പ്രസിദ്ധീകരിച്ചു. 2013 മുതല്‍ തേജസ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഡോ. ഹൈക്കലിന്റെ മുഹമ്മദ് മലയാളത്തില്‍ പുറത്തിറങ്ങിയതു മുതല്‍ അക്കാദമിക് തലങ്ങളിലുള്ള വായനയ്ക്കും വലിയ പരിഗണനയാണു പുസ്തകത്തിനു ലഭിക്കുന്നത്. റമദാന്‍ ഉള്‍പ്പെടെയുള്ള മാസങ്ങളില്‍ പ്രവാചകനെ വായിക്കുന്നവരും ഡോ. ഹൈക്കലിന്റെ പുസ്തകമാണു കൂടുതലും തിരഞ്ഞെടുക്കുന്നത്.
Next Story

RELATED STORIES

Share it