ഇന്ന് സാര്‍വദേശീയ തൊഴിലാളി ദിനം : മൂന്ന് പതിറ്റാണ്ടിലധികമായി മരംവെട്ട് തൊഴിലാക്കി തങ്കമണി



മുക്കം: ഒട്ടുമിക്ക തൊഴില്‍ മേഖലയിലും പുരുഷാധിപത്യം തകര്‍ത്തെറിത്ത് വനിതകള്‍ കടന്ന് ചെല്ലുന്നത് ഇന്ന് പുതുമയല്ല. എന്നാല്‍, കഠിനാധ്വാനവും മെയ്ക്കരുത്തും ആവശ്യമായ തൊഴില്‍ സ്ത്രീകള്‍ ജിവിത മാര്‍ഗമായി തിരഞ്ഞെടുക്കുന്നത് ഇന്നും അപൂര്‍വമാണ്. ഇതാണ് മുക്കം നഗരസഭയിലെ പൊറ്റശ്ശേരി ഓരംകുഴിയില്‍ തങ്കമണിയെ വ്യത്യസ്തയാക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി ഈ 51കാരി മരംവെട്ട് തൊഴിലായി സ്വീകരിച്ചിട്ട്.  ഇന്നിപ്പോള്‍ തങ്കമണി ഒരു നല്ല മരം വെട്ടുകാരിയാണ്. എത്ര വലിയ മരമായാലും തങ്കമണിക്ക് മുന്നില്‍ അതൊരു വെല്ലുവിളിയെ അല്ല. അഞ്ച് മക്കളുള്ള കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്നു തങ്കമണി. ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചതോടെ കുടുംബത്തിന്റെ ഭാരം തങ്കമണിയുടെ ചുമലിലായി. അങ്ങനെ ഇരുപതാം വയസ്സില്‍ മരപ്പണിക്കാര്‍ക്കൊപ്പം ചുമടെടുക്കാനിറങ്ങിയതാണ്. ആദ്യകാലങ്ങളില്‍ മഴു ഉപയോഗിച്ചായിരുന്നു മരം വെട്ടിയിരുന്നതെങ്കില്‍ ഇപ്പോള്‍ മെഷീന്‍ വാള്‍ ഉപയോഗിച്ചായതോടെ പണി കൂടുതല്‍ എളുപ്പമായെന്ന് തങ്കമണി പറയുന്നു. തുടക്കത്തില്‍ തന്നെ ജോലിക്ക് വിളിക്കുമ്പോള്‍ ആളുകള്‍ക്ക് തന്റെ കഴിവില്‍ സംശയമായിരുന്നെന്നും ഇപ്പോള്‍ അതെല്ലാം മാറി ഒഴിവില്ലാത്ത വിധം തൊഴില്‍ ലഭിക്കുന്നതായി അവര്‍ പറഞ്ഞു. തമിഴ്‌നാട് സ്വദേശി രമേശ്, തങ്കമണിയുടെ സഹായത്തിനായി ഒപ്പമുണ്ട്. പരുപരുത്ത ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാതെ, ഏതു പ്രവൃത്തിയും ഏറ്റെടുത്ത് ചെയ്ത് അതിനെ അതിജയിക്കാമെന്നുള്ള പാഠം കൂടിയാണ് തങ്കമണി പകര്‍ന്ന് നല്കുന്നത്.
Next Story

RELATED STORIES

Share it