ഇന്ന് യുഎന്‍ രക്ഷാസമിതി യോഗം ചേരും

യുനൈറ്റഡ് നാഷന്‍സ്: ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് ഭരണകൂടത്തിന്റെ നടപടി ചര്‍ച്ച ചെയ്യാനായി യുഎന്‍ രക്ഷാസമിതി ഇന്ന് യോഗം ചേരും. സമിതിയിലെ 15 അംഗരാഷ്ട്രങ്ങളില്‍ ബ്രട്ടന്‍, ഇറ്റലി, ഫ്രാന്‍സ് അടക്കമുള്ള എട്ട് രാഷ്ട്രങ്ങളുടെ അഭ്യര്‍ഥനപ്രകാരമാണ് യോഗം വിളിച്ചത്.ട്രംപിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങള്‍ക്കും യുഎന്‍ രക്ഷാസമിതി അംഗീകരിച്ച പ്രമേയങ്ങള്‍ക്കും എതിരാണെന്ന് ഫലസ്തീന്റെയും തുര്‍ക്കിയുടെയും ആരോപണങ്ങളുയര്‍ത്തിയ സാഹചര്യത്തിലാണ്് യോഗം. ജറുസലേം ഇരു രാഷ്ട്രങ്ങളുടെയും തലസ്ഥാനമായിരിക്കണമെന്നും യുറോപ്യന്‍ യുനിയന്‍ വിദേശകാര്യ മേധാവി ഫെഡറിക് മൊഗിരിണി അഭിപ്രായപ്പെട്ടു. യുഎസിന്റെ പ്രഖ്യാപനം അപകടകരമാണെന്നും ഇതിന്റെ പ്രത്യാഘാതം നിയന്ത്രണാതീതമായിരിക്കുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രഖ്യാപനം നീതീകരിക്കാന്‍ കഴിയാത്തതും നിരുത്തരവാദപരവുമാണെന്ന് സൗദി ഭരണകൂടം പ്രതികരിച്ചു. ട്രംപ് പശ്ചിമേഷ്യയിലേക്ക് തീഗോളം എറിഞ്ഞെന്നായിരുന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞത്. ലോക മുസ്‌ലിംകളുടെ പുണ്യഗേഹങ്ങളില്‍ ഒന്നായ മസ്ജിദുല്‍ അഖ്‌സ സ്ഥിതിചെയ്യുന്ന  നഗരമായ  ജറൂസലം  ഫലസ്തീന്റെ ഭാഗമായാണ് അറബ് ലോകം കാണുന്നത്. സിറിയ, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുമായി 1967ലുണ്ടായ യുദ്ധത്തിലാണ് വെസ്റ്റ്ബാങ്കും അതിന്റെ ഭാഗമായ കിഴക്കന്‍ ജറുസലേം നഗരവും ജോര്‍ദാനില്‍നിന്ന് ഇസ്രായേല്‍ പിടിച്ചെടുത്തത്്. അര നൂറ്റാണ്ടായി തുടരുന്ന ഈ അധിനിവേശം അന്താരാഷ്ട്ര സമൂഹം ഇതുവരെ അംഗീകരിച്ചിരുന്നില്ല.അധിനിവേശ ജറുസലേമില്‍നിന്ന് പിന്‍മാറാന്‍ 1967ല്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതി പാസാക്കിയ 242ാം നമ്പര്‍ പ്രമേയം ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതു പരിഗണിക്കാതെ 1980ല്‍ ഇസ്രായേല്‍ ജറൂസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ച് നിയമം പാസാക്കി. ഇത് നിയമവിരുദ്ധമാണെന്ന്് യുഎന്‍ രക്ഷാസമിതി പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it