ഇന്നു ലോക കുടിയേറ്റ തൊഴിലാളി ദിനം: ഇതര സംസ്ഥാന തൊഴിലാളികളുടെ സേവകരായി ജോഷിയും സിയാദും

അബ്ദുല്‍  ഖാദര്‍  പേരയില്‍

ആലുവ: ഇവര്‍ ഞങ്ങള്‍ക്കു സഹോദരന്‍മാര്‍... കര്‍മങ്ങള്‍കൊണ്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ സേവകരായി മാറിയ ജോഷിയുടെയും സിയാദിന്റെയും കാപട്യമില്ലാത്ത വാക്കുകളാണിത്. ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കിടയില്‍ 10 വര്‍ഷത്തിലേറെയായി സേവകരായി പ്രവര്‍ത്തിച്ചുവരുന്ന ആലുവ സ്വദേശികളായ ജോഷിയുടെയും സിയാദിന്റെയും ഇടപെടല്‍ മൂലം നിരവധി തൊഴിലാളികള്‍ക്കാണ് ഇതിനകം നീതി ലഭ്യമായത്. ഗര്‍ഭിണിയായിട്ട് ഒമ്പത് മാസമായിട്ടും ഡോക്ടറെ കാണാന്‍ പണമില്ലാത്തതിനാല്‍ സാധിക്കാതിരുന്ന തൊഴിലാളിക്കും ഇവര്‍ സഹായവുമായി എത്തിയിരുന്നു. ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ സഹായിക്കുന്നതിനായി ഇവരുടെ നേതൃത്വത്തില്‍ ആറ് ജില്ലകളില്‍ സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഏകദേശം 10 വര്‍ഷം മുമ്പ് ജീവിതത്തിലുണ്ടായ ഒരു അനുഭവമാണ് ഇവരെ രണ്ടുപേരെയും കുടിയേറ്റ തൊഴിലാളികളുടെ തോഴരാക്കിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണു സംഭവം. രോഗിയായ ഭാര്യയെ കാണാന്‍ ആശുപത്രിയിലേക്ക് പോവുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളി വാഹനത്തില്‍ തലചുറ്റി വീണു. ഭാര്യയുടെ ചികില്‍സയ്ക്കായി ഇയാള്‍ രഹസ്യമായി കിഡ്‌നി വില്‍പ്പന നടത്തിയിരുന്നു, കൃത്യമായ പരിചരണം കിട്ടാതിരുന്നതിനാലാണ് തലചുറ്റി വീണത്. ഈ സംഭവം കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിന് ഇവ ര്‍ക്കു പ്രേരണയായി. പിന്നീടുള്ള പ്രവര്‍ത്തനങ്ങളിലാണ് അന്നംതേടി നാടും വീടും വിട്ട ഇവരുടെ കദന കഥകളുടെ എണ്ണവും വണ്ണവും ഇവരറിയുന്നത്. കേരളത്തിന്റെ ജനസംഖ്യയില്‍ 35 ലക്ഷമാണിപ്പോള്‍ ഔദ്യോഗിക കണക്കനുസരിച്ച് ഇതരസംസ്ഥാനക്കാരുടെ എണ്ണം. ഇതില്‍ ഏഴു ലക്ഷം പേര്‍ എറണാകുളം ജില്ലയില്‍ മാത്രമുണ്ട്. ജനിച്ച നാട്ടിലെ ജാതീയ ഉച്ചനീചത്വങ്ങളും ജോലിക്ക് കൃത്യമായ കൂലി ലഭിക്കാത്തതുമാണ് ഇവരെ ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികളാക്കി മാറ്റുന്നത്. 18നും 35നും ഇടയില്‍ പ്രായമുള്ളവരാണ് ഇതര സംസ്ഥാനക്കാരില്‍ ഏറെപ്പേരും. എഴുത്തും വായനയും ഏറെ പേര്‍ക്കും അന്യം. ചൂഷണങ്ങള്‍ക്കിരയായി സുരക്ഷിതരാവാനെത്തിയവരെ ഇന്ന് മലയാളികളും ചൂഷണത്തിനിരയാക്കുകയാണെന്നാണ് നിരവധി അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള ഇവരുടെ വിമര്‍ശനം. ജോലി ചെയ്തിട്ട് പണം നല്‍കാതിരിക്കുകയും ക്രൂരമായി ശാരീരിക, മാനസിക പീഡനങ്ങള്‍ക്കിരയാക്കുക തുടങ്ങി പല ചെയ്തികളും ഇവര്‍ക്കിന്ന് ഏല്‍ക്കേണ്ടി വരുന്നുണ്ട്. ഇവരുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അധികൃതര്‍ തയ്യാറാവാത്തത് സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളുടെ നിലനില്‍പ്പിനെപ്പോലും സാരമായി ബാധിച്ചിട്ടുണ്ട്. ഒരു തൊഴില്‍നിയമങ്ങളും ബാധകമല്ലാത്ത വിധമാണ് ഇവരോടുള്ള സമൂഹത്തിന്റെ ഇടപെടല്‍. ഇതരസംസ്ഥാനക്കാര്‍ക്ക് അക്ഷരാഭ്യാസം നല്‍കല്‍, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും ജോഷിയും സിയാദും കൂടെയുണ്ട്. ഇവരുടെ നേതൃത്വത്തിലുള്ള അസോസിയേഷന്‍ ഇതരസംസ്ഥാനക്കാര്‍ക്ക് വേണ്ടി സ്വയംതൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ആഴ്ചയിലൊരിക്കല്‍ ഓരോ സ്ഥലങ്ങ ള്‍ കേന്ദ്രീകരിച്ച് ഇവര്‍ സൗജന്യ ഭക്ഷണ പരിപാടിയും നടപ്പാക്കിവരുന്നു. കേരളത്തിലെത്തിയിട്ടുള്ള ഇതര സംസ്ഥാന തൊഴിലാളികളില്‍ 80 ശതമാനവും മുസ്‌ലിം, ദലിത്, പിന്നാക്ക വിഭാഗക്കാരാണെങ്കിലും ഇവരുടെ പ്രശ്‌നങ്ങളിലും പ്രയാസങ്ങളിലും ഇടപെടാന്‍ ഒരുവിഭാഗവും താല്‍പര്യമെടുക്കുന്നില്ലെന്ന് ഇവര്‍ അനുഭവങ്ങള്‍ നിരത്തി പറയുന്നു. അതേസമയം ജോഷിയും സിയാദും ഇതര സംസ്ഥാനക്കാര്‍ക്കായുള്ള സേവനം ദൈവസേവനമായിട്ടാണ് കണക്കാക്കുന്നത്.
Next Story

RELATED STORIES

Share it