ഇന്ധന വില കുറയ്ക്കാനാവില്ല: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കാനാവില്ലെന്നു കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. നികുതി കുറയ്ക്കുന്നത് വികസനപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ലിറ്ററിന് രണ്ടു രൂപ കുറച്ചാല്‍ തന്നെ 30,000 കോടി രൂപയുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടാവുകയെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
തിങ്കളാഴ്ച കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ധനവില വര്‍ധനയ്‌ക്കെതിരേ ഭാരത് ബന്ദ് സംഘടിപ്പിച്ചിരുന്നു. അന്നേദിവസം, നികുതി കുറച്ച് ഇന്ധനവില പിടിച്ചുനിര്‍ത്തി ജനരോഷം ശമിപ്പിക്കുന്നതിനെ കുറിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി ചര്‍ച്ച നടത്തി. നികുതി കുറയ്ക്കുന്ന കാര്യത്തില്‍ ധനമന്ത്രാലയമാണ് നിലപാട് സ്വീകരിക്കേണ്ടതെന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചത്. എന്നാല്‍, ഇതിനുശേഷം ധനമന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇന്ധന നികുതി കുറയ്ക്കാനാവില്ലെന്നും അതു രാജ്യത്ത് വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നുമുള്ള നിലപാടില്‍ എത്തുകയായിരുന്നു.
ആറ് ശതമാനം മുതല്‍ 39 ശതമാനം വരെയാണ് സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതി. ആന്ധ്രയും രാജസ്ഥാനും പശ്ചിമബംഗാളും ഇതിനകം നികുതി കുറച്ചു. പഞ്ചാബ് ഇതുസംബന്ധിച്ച ആലോചനയിലാണ്. മറ്റു സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്നാണ് ധനമന്ത്രാലയത്തിന്റെ നിര്‍ദേശം.

Next Story

RELATED STORIES

Share it