Flash News

ഇന്ത്യ-പാക് സൈനിക കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തി



ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ തുടരവെ ഇന്ത്യ-പാക് സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തി. അതിര്‍ത്തി സംരക്ഷണച്ചുമതലയുള്ള ഡിജിഎംഒ ലഫ്. കേണല്‍ എ കെ ഭട്ടും പാക് ഡിജിഎംഒ മേജര്‍ ജനറല്‍ ഷഹീര്‍ ശംസാദ് മീര്‍സയും ഇന്നലെ ടെലഫോണിലൂടെയാണ് ചര്‍ച്ച നടത്തിയത്. അതിര്‍ത്തിയിലെ പ്രത്യേക സാഹചര്യങ്ങള്‍ ഇരുവരും പങ്കുവച്ചു. അതിര്‍ത്തിയില്‍ സമാധാനം ഉറപ്പുവരുത്തുന്നതിനുള്ള ഇന്ത്യയുടെ താല്‍പര്യം എ കെ ഭട്ട് പാക് കമാന്‍ഡറെ അറിയിച്ചതായി സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. പാക് സൈന്യം അനാവശ്യ പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയാണ്. പാക്‌സൈന്യം നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുകയും അതിര്‍ത്തിയില്‍ വെടിവയ്പ് തുടരുകയും ചെയ്താല്‍ ഇന്ത്യക്ക് കടുത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്നും ഭട്ട് മുന്നറിയിപ്പ് നല്‍കിയതായി സൈന്യം പറഞ്ഞു.സാധാരണ ജനങ്ങള്‍ക്ക് ജീവഹാനി ഉണ്ടാവുന്ന തരത്തിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടലുകളെന്ന് മേജര്‍ ജനറല്‍ ഷഹീര്‍ ശംസാദ് ഇന്ത്യന്‍ കമാന്‍ഡറെ അറിയിച്ചു. എന്നാല്‍, ഇന്ത്യന്‍ സൈനികരുടെ ഭാഗത്ത് നിന്ന് അത്തരം നടപടികള്‍ ഉണ്ടായിട്ടില്ലെന്നും തൊഴില്‍പരമായി നിപുണരായ സൈനികരാണ് അതിര്‍ത്തിയില്‍ ഇന്ത്യക്ക് ഉള്ളതെന്നുമായിരുന്നു ഭട്ടിന്റെ മറുപടി.  പാകിസ്താന്റെ അടുത്തുനിന്നുള്ള ഏതു പ്രകോപനത്തിനും ഉടന്‍ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് അനുമതി നല്‍കിയതായി കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു. ശനിയാഴ്ച നിയന്ത്രണരേഖയില്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സന്ദര്‍ശനം നടത്തുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അദ്ദേഹം സൈനിക ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. സംഘര്‍ഷാവസ്ഥ അതിര്‍ത്തി പ്രദേശത്തെ 12,000 ജനങ്ങളുടെ ജീവിതത്തെയാണ് ബാധിച്ചിരിക്കുന്നത്. ഒരുമാസത്തിനിടെ പാക് ആക്രമണത്തില്‍ മൂന്നുപേരാണ് മരിച്ചത്. 15ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it