ഇന്ത്യ- ഇറാന്‍ സഹകരണം വര്‍ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: ഇറാനുമായി സഹകരണം വര്‍ധിപ്പിക്കുന്ന കാര്യം ഇന്ത്യ പരിഗണിച്ചുവരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇറാനെതിരായ ഉപരോധം പിന്‍വലിച്ച നടപടി നാഴികക്കല്ലാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇറാനുമായി ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അടുത്ത സാമ്പത്തിക സഹകരണമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഊര്‍ജ മേഖലയും മേഖലാബന്ധവും ഇതില്‍പ്പെടും. ഇറാനെതിരായ ഉപരോധം പിന്‍വലിച്ച നടപടി ഇന്ത്യ സ്വാഗതം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് യുഎസും യുറോപ്യന്‍ യൂനിയനും ഉപരോധം പിന്‍വലിച്ചത്. ആണവ നിയന്ത്രണത്തിനായി ഒപ്പുവച്ച കരാര്‍ ഇറാന്‍ പാലിച്ചുവെന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം പിന്‍വലിച്ചത്.
യുഎസിന്റെയും മറ്റ് പശ്ചാത്യ ശക്തികളുടെയും സമ്മര്‍ദ്ദം മൂലം ഇറാനില്‍നിന്നുള്ള എണ്ണയുടെ ഇറക്കുമതി 21.2 മില്യണ്‍ ടണ്ണില്‍ നിന്ന് 11 മില്യണ്‍ ടണ്ണായി ഇന്ത്യ കുറച്ചിരുന്നു. യുഎസും യൂറോപ്പും ഉപരോധമേര്‍പ്പെടുത്തുമെന്ന ഭയം മൂലം ഇന്ത്യന്‍ കമ്പനികള്‍ ഇറാനില്‍ നിക്ഷേപിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it