ഇന്ത്യാ വിരുദ്ധ പരാമര്‍ശവുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്‍ മുന്‍നിരയിലുള്ള ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ വിരുദ്ധ പ്രസ്താവനയുമായി വീണ്ടും. ഇന്ത്യക്കാര്‍ അമേരിക്കയിലെ ജോലികള്‍ തട്ടിയെടുക്കുന്നുവെന്നാണ് മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധനായ ട്രംപിന്റെ ആരോപണം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ അമേരിക്കക്കാരുടെ ജോലികള്‍ തട്ടിയെടുക്കുകയാണെന്നും താന്‍ പ്രസിഡന്റായാല്‍ ഇതിന് അറുതി വരുത്തുമെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളെ പേരെടുത്ത് പറഞ്ഞാണ് ട്രംപിന്റെ വിമര്‍ശനം. നേരത്തേയും ട്രംപ് ഇത്തരത്തില്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. 69കാരനായ ഈ റിയല്‍ എസ്റ്റേറ്റ് ഭീമന്‍ രാഷ്ട്രീയരംഗത്ത് പുതുമുഖമാണ്. കഴിഞ്ഞ നവംബറിലാണ് ട്രംപ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. പ്രാഥമിക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിമാനത്താവളത്തില്‍ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്നു പ്രഖ്യാപിച്ച ട്രംപ് ഇന്ത്യ, ചൈന, മെക്‌സിക്കോ, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരില്‍നിന്നു ജോലികള്‍ തന്റെ രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരുമെന്നും വാഗ്ദാനം ചെയ്തു. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ സുരക്ഷാ മതില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Next Story

RELATED STORIES

Share it