ഇന്ത്യയും ജപ്പാനും ആറു കരാറുകളില്‍ ഒപ്പുവച്ചു

ടോക്കിയോ: ദ്വിദിന സന്ദര്‍ശനത്തിന് ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി നടത്തിയ ഉന്നതതല കൂടിക്കാഴ്ചയ്ക്കുശേഷം ആറു സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. അതിവേഗ ട്രെയിന്‍ പദ്ധതിയും നാവിക സഹകരണവും ഇതില്‍ ഉള്‍പ്പെടും. 13ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സംബന്ധിക്കാനാണ് മോദി ജപ്പാനിലെത്തിയത്.
വിദേശ, പ്രതിരോധ മന്ത്രിമാരുടെ ഉന്നതതല കൂടിക്കാഴ്ചയ്ക്കും ഇരുരാജ്യങ്ങളും ധാരണയിലെത്തി. ലോകസമാധാനവും സുസ്ഥിരതയും ലക്ഷ്യമാക്കിയുള്ളതാണ് കരാറെന്ന് മോദി പ്രസ്താവനയില്‍ വ്യക്തമാക്കി. സൈബറിടം, ആരോഗ്യം, പ്രതിരോധം, സമുദ്രം ഉള്‍പ്പെടെ എല്ലാ മേഖലകളിലും തങ്ങളുടെ സഹകരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
13ാം വാര്‍ഷിക ഉച്ചകോടിയില്‍ ഇരുനേതാക്കളും ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുകയും സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു.
ഇന്തോ-പസഫിക്, ദക്ഷിണ ഏഷ്യ, ആഫ്രിക്ക ഉള്‍പ്പെടെ ലോകത്തിന്റെ മറ്റിടങ്ങളിലെ സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇരുരാജ്യങ്ങളും ധാരണയായി. ജപ്പാന്‍ സഹകരണത്തോടെ നടപ്പാക്കുന്ന മുംബൈ-അഹ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിയുടെ പുരോഗതിയും ഇരു പ്രധാനമന്ത്രിമാരും വിലയിരുത്തി. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ജപ്പാനില്‍ നിന്ന് വായ്പയെടുക്കാനും ധാരണയായിട്ടുണ്ട്.
ശനിയാഴ്ച ജപ്പാനിലെത്തിയ മോദി നേരത്തേ, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള റോബോട്ടുകള്‍ നിര്‍മിക്കുന്ന ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. ബിസിനസ് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയ മോദി ടോക്കിയോയിലെ ഇന്ത്യന്‍ സമൂഹത്തോട് സംവദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്ത്യ പദ്ധതി ഒരു ആഗോള ബ്രാന്‍ഡായി മാറിക്കഴിഞ്ഞുവെന്ന് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it