Flash News

ഇന്ത്യന്‍ നിര്‍മിത വോട്ടിങ് മെഷീനെതിരേ ആഫ്രിക്കന്‍ കോടതിയില്‍ കേസ്‌

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത വോട്ടിങ് മെഷീന്റെ വിശ്വാസ്യതയെ ചൊല്ലിയുള്ള വിവാദം ഇന്ത്യയും ഏഷ്യയും കടന്ന് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെത്തി. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയെ ചൊല്ലി ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരേ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ്.
പ്രശ്‌നം ഗുരുതരമായതോടെ വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യത തെളിയിക്കാന്‍ ബോട്‌സ്വാനയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായം തേടി. ബോട്‌സ്വാനയിലും 2019 ഒക്ടോബറിലാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള ഭരണപക്ഷമായ ബോട്‌സ്വാന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (ബിഡിപി) തീരുമാനത്തിനെതിരേ പ്രതിപക്ഷമായ ബോട്‌സ്വാന കോണ്‍ഗ്രസ് പാര്‍ട്ടി (ബിസിപി) ഫ്രാന്‍സിസ് ടൗണ്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള ഭരണപക്ഷ കക്ഷിയുടെ തന്ത്രമാണ് ഇലക്‌ട്രോണിക് വോട്ടിങ് മെഷീന് വേണ്ടി വാശി പിടിക്കുന്നതിനു പിന്നിലെന്നാണ് ബിസിപിയുടെ ആരോപണം.
എന്നാല്‍, വോട്ടിങ് മെഷീനുകള്‍ തിരഞ്ഞെടുപ്പു പ്രക്രിയ വേഗത്തിലാക്കുമെന്നാണ് ബോട്‌സ്വാന സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിക്കുന്നത്. വോട്ടിങ് മെഷീനില്‍ ഒരുതരത്തിലുള്ള കൃത്രിമവും നടക്കില്ലെന്നും വേണമെങ്കില്‍ ഏതെങ്കിലും വിദേശരാജ്യത്ത് കൊണ്ടുപോയി പരീക്ഷിച്ചു തെളിയിക്കാമെന്നുമുള്ള ഇവിഎമ്മിന്റെ നിര്‍മാതാക്കളായ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിന്റെ വാദമാണ് ഇപ്പോള്‍ ബോട്‌സ്വാനയില്‍ നിന്നുള്ള വിവാദത്തോടെ പൊളിയുന്നത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യത തെളിയിക്കുന്നതിനായി ബിഡിപി സര്‍ക്കാര്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇലക്ട്രോണിക് വോട്ടിങ്് മെഷീന്റെ വിശ്വാസ്യത കോടതിയില്‍ തെളിയിക്കുന്നതിനാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം ബോട്‌സ്വാനയിലെ ഭരണപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. സംശയങ്ങളും ആശങ്കകളും ഒഴിവാക്കുന്നതിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെയും വിവിപാറ്റ് മെഷീന്റെയും പ്രവര്‍ത്തനം കോടതിക്കു മുന്നില്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുള്ള വിദഗ്ധര്‍ വിശദീകരിക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന.
ഇക്കാര്യം അഭ്യര്‍ഥിച്ച് ബോട്‌സ്വാനയിലെ സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ ബുധനാഴ്ച ഇന്ത്യയിലെത്തിയിരുന്നു എന്നാണു സൂചന. വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യത ബോട്‌സ്വാനയില്‍ ചെന്നു തെളിയിച്ചുകൊടുക്കുന്ന കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it