Flash News

ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള എച്ച്1ബി വിസകളില്‍ ഇടിവ്‌



വാഷിങ്ടണ്‍: യുഎസിലെ ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുവദിക്കുന്ന എച്ച്1ബി വിസകളില്‍ വന്‍ ഇടിവ്. ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള ഏഴു മുന്‍നിര ഇന്ത്യന്‍ ഐടി കമ്പനികളിലേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി 2015ല്‍ അനുവദിച്ചതിനേക്കാള്‍ 37 ശതമാനം വിസകള്‍ കുറവാണ് 2016ല്‍ അനുവദിച്ചത്. നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസിയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി, വിപ്രോ അടക്കമുള്ള കമ്പനികള്‍ക്ക് എച്ച്1ബി വിസ ലഭിക്കുന്നതില്‍ വലിയ കുറവ് വന്നിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് മാത്രം ഒരു വര്‍ഷത്തിനിടെ 56 ശതമാനത്തോളം കുറവ് വന്നു. 2015ല്‍ 4674 പേര്‍ക്ക് വിസ ലഭിച്ചിരുന്നുവെങ്കില്‍ അത് 2016 ആവുമ്പോഴേക്കും 2040 ആയി കുറഞ്ഞുവെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 52 ശതമാനത്തോളമാണ് വിപ്രോയില്‍ കുറഞ്ഞത്. 2015ല്‍ കമ്പനിക്ക് 3079 വിസ ലഭിച്ചിരുന്നുവെങ്കില്‍ അത് 1605 ആയിട്ടാണ് 2016 ആവുമ്പോഴേക്കും കുറഞ്ഞത്. ഇതേ അവസ്ഥ ഇനിയും തുടരാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2016 സാമ്പത്തിക വര്‍ഷത്തില്‍തന്നെ എച്ച്1ബി വിസയ്ക്കുള്ള അപേക്ഷ കമ്പനി അധികൃതര്‍ക്ക് അയച്ചിരുന്നു. ഡോണള്‍ഡ് ട്രംപ് അധികാരമേറ്റത് കൊണ്ടല്ല ഈ മാറ്റം വന്നതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വരും വര്‍ഷങ്ങളിലും ഇതു തുടരുമെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it