ഇതര സംസ്ഥാന കുട്ടികളെ തിരിച്ചയക്കാന്‍ നീക്കം തുടങ്ങി

കൊച്ചി/ ആലുവ: ആലുവ ജനസേവ ശിശുഭവനിലെ കുട്ടികളെ തല്‍ക്കാലം മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റില്ലെന്ന് സാമൂഹിക നീതി വകുപ്പ്. നിലവില്‍ ജനസേവയിലെ അന്തേവാസികളായ കുട്ടികളെ അവിടെത്തന്നെ പാര്‍പ്പിക്കും. അന്യസംസ്ഥാനത്തു നിന്നുള്ള കുട്ടികളെയും നിലവില്‍ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആവശ്യമെങ്കില്‍ കുട്ടികളെ മാറ്റുന്ന കാര്യങ്ങള്‍ പരിശോധിക്കുമെന്നും സാമൂഹിക നീതി വകുപ്പ് അറിയിച്ചു.
സുരക്ഷിത കേന്ദ്രങ്ങള്‍ കണ്ടെത്താതെ ജനസേവയില്‍ നിന്നു കുട്ടികളെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്ന് സാമൂഹിക നീതി വകുപ്പ് അറിയിച്ചു. നിലവില്‍ പ്രഥമ പരിഗണന നല്‍കുന്നത് അന്യസംസ്ഥാനത്തു നിന്നുള്ള കുട്ടികളെ തിരികെയെത്തിക്കുന്നതിനാണ്.
കുട്ടികളുടെ കൃത്യമായ വിവരങ്ങള്‍ സൂക്ഷിക്കാത്തതാണ് ഇതിനു തടസ്സം സൃഷ്ടിക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള 104 കുട്ടികള്‍ ഇവിടെ ഉണ്ടെന്നാണ് കണക്ക്. ഇവരുടെ മേല്‍വിലാസം കണ്ടെത്തി സ്വദേശത്തേക്ക് തിരിച്ചയക്കാനുള്ള സാധ്യതകളാണ് സാമൂഹിക നീതി വകുപ്പ് തേടുന്നത്. കഴിയാതെ വന്നാല്‍ ഈ കുട്ടികളെയും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും. അതിനിടെ ഇന്നലെയും സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആലുവ ജനസേവയിലെത്തി പരിശോധനകള്‍ നടത്തി. കുട്ടികളെക്കുറിച്ചും ജനസേവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചുമെല്ലാം സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ പരിശോധനയാണ് നടന്നത്.
ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് റിപോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുമെന്ന് സാമൂഹിക നീതി വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ പ്രീതി വില്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്തേവാസികളായ കുട്ടികളുടെ ചിത്രങ്ങള്‍ പണപ്പിരിവിനും പരസ്യങ്ങള്‍ക്കുമായി ഉപയോഗിച്ചുവെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു.  ഈ സാഹചര്യത്തിലാണ് ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ക്രമക്കേടുകള്‍ തെളിഞ്ഞാല്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി പറഞ്ഞു.
Next Story

RELATED STORIES

Share it