ഇതരസംസ്ഥാന തൊഴിലാളികളുടെ ഡാറ്റാ ബാങ്ക്: സമഗ്രപദ്ധതി നടപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിനു വരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കുന്നതിന് തൊഴില്‍വകുപ്പ് സമഗ്രപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.
കൂടുതല്‍ തൊഴിലാളികളെ 2010ലെ കേരള കുടിയേറ്റതൊഴിലാളി ക്ഷേമപദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിന് സമയബന്ധിതമായ നടപടി സ്വീകരിക്കും. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നിശ്ചിത ആനുകൂല്യം ലഭ്യമാക്കുന്നതിന് കേരള ബില്‍ഡിങ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിനു കീഴിലാണ് ക്ഷേമപദ്ധതി നടപ്പാക്കിയത്. 53,136 തൊഴിലാളികള്‍ മാത്രമാണ് ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫൈനാന്‍സ് ആന്റ് ടാക്‌സേഷന്‍ നടത്തിയ പഠനത്തില്‍ കേരളത്തില്‍ 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ടെന്നാണു കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ എണ്ണം രേഖപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ രജിസ്‌ട്രേഷന്‍ സംവിധാനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ ഉറപ്പുവരുത്തും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് വിവിധ വകുപ്പുകളുടെ സഹായം തേടും. നിയമപരമായി സഹായം ലഭിക്കുന്നതിനുള്ള പ്രത്യേക സഹായ പദ്ധതി, തൊഴിലാളികളുടെ താമസം, പുനരധിവാസം എന്നിവ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള ഹെല്‍പ്പ്ഡസ്‌ക് എന്നിവയും നടപ്പാക്കും.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി പാലക്കാട്ട് ആവിഷ്‌കരിച്ച അപ്‌നാ ഘര്‍ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍, മറ്റ് സാധ്യമായ വകുപ്പുകള്‍ എന്നിവയുടെ സഹായം തേടി ജനങ്ങള്‍ക്കു സ്വീകാര്യമായ രീതിയില്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it