Idukki local

ഇടുക്കി ടൂറിസം വികസനം: കേന്ദ്രം 65 കോടി അനുവദിച്ചു

ചെറുതോണി: ജില്ലയുടെ ടൂറിസം വികസനത്തിനായി 65 കോടി രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചതായി അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി. വാഗമണ്‍,തേക്കടി,കുമളി,പീരുമേട്,ഇടുക്കി ടൂറിസം സെന്ററുകളുടെ വികസനത്തിനാണ് കേന്ദ്ര ടൂറിസം വകുപ്പില്‍ നിന്നും 65 കോടിയുടെ അനുമതി ലഭിച്ചത്.
കേന്ദ്ര ടൂറിസം വകുപ്പിന്റെ സ്വദേശ് ദര്‍ശന്‍ സ്‌കീം പ്രകാരമാണ് ജില്ലയുടെ ടൂറിസം പദ്ധതികള്‍ ഏറ്റെടുത്തിട്ടുള്ളത്.ഇക്കോ ടൂറിസം സര്‍ക്യൂട്ട് എന്ന നിലയില്‍ ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.വാഗമണ്‍ ടൂറിസം വികസനത്തിനായി 45 കോടിയാണ് ലഭിച്ചത്.പച്ചക്കുന്നുകള്‍,കാനനപാതകള്‍, ചെറിയ തടാകങ്ങള്‍,പൈന്‍ മരങ്ങള്‍,പുല്‍മേടുകള്‍ തുടങ്ങി വൈവിധ്യം കൊണ്ട് സമ്പന്നമായ വാഗമണ്ണിന്റെ സ്വാഭാവികത നിലനിര്‍ത്തി—ക്കൊണ്ടുള്ള ആസൂത്രണമാണ് ലക്ഷ്യമിടുന്നത്.
വാഗമണ്ണില്‍ ഇക്കോ അഡ്വഞ്ചര്‍ ടൂറിസം പാര്‍ക്ക്,ടൂറിസം അമിനിറ്റി സെന്റര്‍,പാര്‍ക്കിങ്,വാച്ച് ടവറുകള്‍,റോക്ക്‌ക്ലൈംബിങ്,ബയോ ടോയ്‌ലറ്റ്‌സ്, പൈന്‍വാലി സ്‌കീം ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ക്കാണ് കേന്ദ്രഫണ്ട് അനുവദിച്ചിട്ടുള്ളത്.
സമുദ്ര നിരപ്പില്‍ നിന്നും 1200 കിലോമീറ്റര്‍ ഉയരത്തിലുള്ള വാഗമണ്ണിന്റെ ടൂറിസം വികസനം ദേശീയ ശ്രദ്ധയിലേയ്ക്കുയരുകയാണ്.ഇക്കോ അഡ്വഞ്ചര്‍ ടൂറിസം പാര്‍ക്കിന് 4.44 കോടിയും ടൂറിസ്റ്റ് അമിനിറ്റി സെന്ററിന് 4.77 കോടിയും പാര്‍ക്കിങ്ങ് സൗകര്യമൊരുക്കുന്നതിന് 4.74 കോടിയും പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്.തേക്കടി,പീരുമേട്, ഇടുക്കി ടൂറിസം സെന്ററുകള്‍ക്ക് 20 കോടിയും അനുവദിച്ചിട്ടുണ്ട്.പീരുമേട് കൂടാതെ ഇടുക്കിയില്‍ രണ്ടു ഇക്കോ ഹട്ടുകള്‍ നിര്‍മ്മിക്കുന്നതിനായി ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it