Idukki local

ഇടമലക്കുടിയില്‍ ശിശുമരണങ്ങള്‍ തുടരുന്നു



തൊടുപുഴ: ഇടമലക്കുടി ആദിവാസി പഞ്ചായത്തില്‍ ശിശുമരണങ്ങളും പ്രസവ മരണങ്ങളും തുടരുന്നു. എല്ലാമാസവും ചുരുങ്ങിയത് രണ്ട് മെഡിക്കല്‍ ക്യാംപുകളെങ്കിലും ഇടമലക്കുടിയില്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.  മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ചിട്ടും ശിശുമരണങ്ങളും പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിക്കുന്ന സംഭവങ്ങളും ഇപ്പോഴും നടക്കുന്നുണ്ടെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി മോഹനദാസ് ചൂണ്ടിക്കാട്ടി. ഇടമലക്കുടിയിലേക്കുള്ള റോഡിന്റെ ആദ്യപടിയായ പെട്ടിമുടിയില്‍ നിന്ന് ഇഡ്ഡലിപ്പാറയിലേക്കുള്ള 7.2 മീറ്റര്‍ റോഡ് വേഗം പൂര്‍ത്തിയാക്കണം. അപ്രോച്ച് റോഡിന്റെ നിര്‍മാണം കാര്യക്ഷമമായി നിര്‍വഹിച്ച് റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണം. ഇടമലക്കുടി നിവാസികള്‍ക്ക് നല്‍കുന്ന ചികിത്സാസഹായം വര്‍ധിപ്പിക്കണം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ സബ് സെന്ററുകള്‍ കോളനിവാസികളുടെ ആവശ്യാനുസരണം ഒന്നില്‍ കൂടുതല്‍ പ്രവര്‍ത്തിപ്പിക്കണം. ഇവിടങ്ങളില്‍ മെയില്‍ നഴ്‌സുമാരെ നിയമിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മൂന്നാറിലേക്ക് കോളനിനിവാസികള്‍ക്ക് യാത്രാസൗകര്യത്തിനായി ചുരുങ്ങിയത് രണ്ട് ജീപ്പെങ്കിലും വാങ്ങണം. അവ യാത്രക്കാരുടെ ആവശ്യത്തിന് ഓടിക്കാന്‍ ജീവനക്കാരെ നിയമിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കോളനി നിവാസികളുടെ അടിയന്തിര ചികിത്സാസൗകര്യത്തിനായി ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് നിര്‍ദേശം നല്‍കി. ആരോഗ്യ, ശുചിത്വകാര്യങ്ങളെ കുറിച്ച് കോളനി നിവാസികള്‍ക്കിടവില്‍ അവബോധം നല്‍കാന്‍ ബോധവത്കരണ ക്ലാസുകളും ചര്‍ച്ചകളും സംഘടിപ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കോളനി നിവാസികള്‍ക്ക് പോഷകാഹാര വിതരണം കാര്യക്ഷമമാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.നിര്‍ദേശങ്ങള്‍ നടപ്പാക്കി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജില്ലാ ട്രൈബല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജോബിഷ് ജോസഫ് നല്‍കിയ പരാതിയിലാണ് നടപടി. ഇടമലക്കുടിയിലെ മുതുവാന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങളാണ് പരാതിക്ക് ആധാരം. 28 കുടുംബങ്ങളിലായി 3000 പേരാണ് താമസിക്കുന്നത്. ഇതില്‍ 80 ഓളം പേര്‍ കിടപ്പുരോഗികളാണ്. 300 ഓളം പേര്‍ രോഗികളാണ്.  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപ സഹായം നല്‍കിയിട്ടും അത് കോളനിയുടെ വികസനത്തിന് ഉപയോഗിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it