kozhikode local

ഇടനിലക്കാര്‍ തോന്നിയ വില ഈടാക്കുന്നു : നിര്‍മാണ മേഖലയില്‍ സ്തംഭനാവസ്ഥ



നാദാപുരം: കെട്ടിട നിര്‍മാണത്തിനാവശ്യമായ മെറ്റല്‍ പാറപ്പൊടി, മണല്‍, ചെങ്കല്ല്, കരിങ്കല്ല് മുതലായവ കിട്ടാനില്ല. ഇതോടെ നിര്‍മാണമേഖല സ്തംഭനത്തിലായി. ജില്ലയിലെ രണ്ട് പാറമടകള്‍ മാത്രമാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ദിവസങ്ങളാളം കാത്തിരുന്നാലാണ് ഒരു ലോഡ് മെറ്റലും പാറപ്പൊടിയും ലഭിക്കുന്നത്. ഇതിനാണെങ്കില്‍ കൂടിയ വില നല്‍കേണ്ട അവസ്ഥയാണ്. മെറ്റലിന്റെയും മറ്റും ലഭ്യത കുറഞ്ഞതിനാല്‍ തൊഴിലാളികള്‍ക്ക് തീരെ പണിയില്ലാതായിരിക്കുകയാണ്. ഇതോടെ നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് പോയി. അസംസ്‌കൃത വസ്തുക്കള്‍ ഇനിയും കിട്ടിയില്ലെങ്കില്‍ നിര്‍മാണമേഖല പൂര്‍ണമായും സ്തംഭിക്കും. കഴിഞ്ഞ മാസം വരെ 4000 രൂപയ്ക്ക് ലഭിച്ചിരുന്ന നൂറ് അടി മെറ്റലിന് ആറായിരത്തിലധികം രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. 2500 രൂപയുടെ ബോളര്‍ നാലായിരത്തിനാണ് ഇേപ്പാള്‍ ഉപഭോക്താവിന് ലഭിക്കുന്നത്. കണ്ണൂരിലെ ഇരിട്ടി, ചെറുവാഞ്ചേരി ഭാഗങ്ങളില്‍ നിന്നും 40 രൂപയ്ക്ക് നാദാപുരത്തെത്തിയിരുന്ന ചെങ്കല്ല് ഇപ്പോള്‍ 50 രൂപയ്ക്ക് മുകളില്‍ കൊടുത്താലും കിട്ടാത്ത സ്ഥിതിയിലാണ്. ഇവയുടെ ലഭ്യത കുറഞ്ഞതോടെ ഇടനിലക്കാര്‍ തോന്നിയ വിലയാണ് ഈടാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ക്വാറികള്‍ക്കെതിരേയുള്ള നിയമമാണ് ജില്ലയിലെ ചെറുകിട ക്വാറികള്‍ പൂട്ടാനിടയാക്കിയത്. ചെറുകിട ക്വാറികള്‍ ഉടന്‍ തുറന്നാല്‍ മാത്രമേ നിര്‍മ്മാണ മേഖലക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയൂ. നിലവിലുള്ള അവസ്ഥ തുടര്‍ന്നാല്‍ കെട്ടിട നിര്‍മാണത്തിന് 50 ശതമാനത്തിലേറെ ചെലവ് കൂടുമെന്ന് നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it