ഇടതുമുന്നണിയിലേക്ക് മാറുന്നത് മുന്‍ധാരണയില്ലാതെ: എം പി വീരേന്ദ്രകുമാര്‍

മലപ്പുറം: ഇടതുമുന്നണിയിലേക്ക് മാറുന്നത് മുന്‍ധാരണയില്ലാതെയാണെന്നു ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍. മലപ്പുറത്ത് ജില്ലാ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്‍ഡിഎഫുമായി ഇതുവരെ ഒരു സീറ്റു ധാരണയും ഉണ്ടാക്കിയിട്ടില്ല. യുഡിഎഫിനൊപ്പം നിന്നതുകൊണ്ട് പാര്‍ട്ടിക്ക് കാര്യവുമുണ്ടായിട്ടില്ല. വടകര, കോഴിക്കോട്, തിരുവനന്തപുരം ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചത് ജനതാദള്‍ (യു)വിന്റെ പിന്തുണയോടെയാണ്. കുറ്റിയാടി നിയമസഭാ സീറ്റില്‍ പാര്‍ട്ടിയുടെ പിന്തുണയില്ലാതെ ലീഗ് സ്ഥാനാര്‍ഥിക്ക് ജയിക്കാനാവില്ല. ജയിച്ചാല്‍ താന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവയ്ക്കും.യുഡിഎഫ് വിടാന്‍ തീരുമാനമെടുത്ത സംസ്ഥാന കൗ ണ്‍സില്‍ യോഗത്തിലേക്ക് യാതൊരു മുന്‍വിധിയുമില്ലാതെയാണു താന്‍ പോയത്. രണ്ടുമൂന്നുപേര്‍ ഒഴികെ എല്ലാവരും യുഡിഎഫില്‍ തുടരാനാവില്ലെന്നാണ് വ്യക്തമാക്കിയത്. ഇടതുമുന്നണിയില്‍ ന്യായമായ പരിഗണന കിട്ടുമെന്നാണ് പ്രതീക്ഷ. ആശയപരമായി യോജിക്കാന്‍ കഴിയുന്നവരോടൊപ്പം നില്‍ക്കുന്നതാണ് നല്ലത്.സംഘപരിവാരത്തെ പിന്തുണയ്ക്കുന്ന നിധീഷ്‌കുമാറിനൊപ്പം നില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്റില്‍ നിന്നും രാജിവച്ചത്. രാജ്യത്തെ ഏകതാ സ്വഭാവമുള്ള നാടാക്കി മാറ്റാനാണ് ആര്‍എസ്എസ് ശ്രമം. കേന്ദ്രസര്‍ക്കാര്‍ എന്നല്ല, മോദി സര്‍ക്കാര്‍ എന്നാണ് എല്ലാവരും പറയുന്നത്. അതു മാറ്റാന്‍ വലിയ മുന്നേറ്റമുണ്ടാവണമെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.ഇടതുമുന്നണിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സിലെടുത്ത തീരുമാനം ജില്ലാ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു. പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it