ഇഗ്‌നോ യൂനിവേഴ്‌സിറ്റിയില്‍പരീക്ഷാ റാക്കറ്റെന്ന് എഎപി

റായ്പൂര്‍: ഇന്ദിരാ ഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റി (ഇഗ്‌നോ)യുടെ പ്രാദേശിക കേന്ദ്രത്തില്‍ പരീക്ഷാ തട്ടിപ്പ് നടത്തുന്ന വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി ഛത്തീസ്ഗഡ് ആം ആദ്മി പാര്‍ട്ടി (എഎപി) ഘടകം. പണം നല്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകള്‍ക്ക് മുന്നോടിയായി ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കുന്നതായും എഎപി അംഗം അനില്‍ ബാഗേല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഈ വന്‍ റാക്കറ്റിനെക്കുറിച്ച് രണ്ടു വര്‍ഷം മുമ്പ് വിവരം ലഭിച്ചെങ്കിലും തെളിവുകള്‍ ശേഖരിക്കുകയായിരുന്നു. ഇതിനായി 2015ല്‍ ഇഗ്നോയിലെ ബിഎ വിഭാഗത്തില്‍ പ്രവേശനം നേടി. ഈ മാസം ഒന്നിനാരംഭിച്ച് 20ന് അവസാനിക്കുന്ന പരീക്ഷ ബിലാസ്പൂര്‍ സെന്ററില്‍ നിന്ന്് എഴുതി വരുകയാണ് ബാഗേല്‍. ഒരു പേപ്പറിന് 10,000 രൂപ നല്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുടെ ഒരു ദിവസം മുമ്പ് ചോദ്യപേപ്പറുകളും ഉത്തരം നല്‍കുന്ന ഷീറ്റുകളും പുസ്തകവും നല്‍കും. ഇത്തരത്തില്‍ പരീക്ഷയെഴുതി വിദ്യാര്‍ഥികള്‍ പരീക്ഷ പാസാവുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ തട്ടിപ്പില്‍ ഇഗ്നോ മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും പങ്കുണ്ടെന്നും ഇഗ്നോ നടത്തുന്ന മുഴുവന്‍ പരീക്ഷകളും റദ്ദാക്കി റാക്കറ്റിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്നും ബാഗേല്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it