Flash News

ആശ്രിത വിസയില്‍ കടുത്ത നിയന്ത്രണം

ആശ്രിത വിസയില്‍ കടുത്ത നിയന്ത്രണം
X




കുവൈത്ത് : ആശ്രിത വിസയില്‍ കഴിയുന്നവരുടെ വിസപുതുക്കുന്നതിനും പുതിയ വിസ അനുവദിക്കുന്നതിനും കടുത്ത നിയന്ത്രണം കുവൈത്തില്‍ ഏര്‍പ്പെടുത്തി. ഇതിന്റെ ആദ്യ പടിയായി ഭാര്യ, മക്കള്‍ എന്നിവര്‍ ഒഴികെയുള്ളവരുടെ വിസ പുതുക്കി നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. മക്കള്‍ക്ക് വിസ അനുവദിക്കുന്നതിനും വിസ പുതുക്കി നല്‍കുന്നതിനുമുള്ള നിബന്ധനകളിലും കടുത്ത നിയന്ത്രണമാണു ഏര്‍പ്പെടുത്തിയിരിക്കുന്നത്. 22 ആം നമ്പര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പിതാവ്, മാതാവ്, സഹോദരങ്ങള്‍, ഭാര്യയുടെ മാതാപിതാക്കള്‍ എന്നിങ്ങനെയുള്ള ആശ്രിത വിസയില്‍ കഴിയുന്ന ബന്ധുക്കളുടെ ഇഖാമ പുതുക്കി നല്‍കുന്നതിനാണു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇഖാമ കാലാവധി കഴിയുന്ന ഇവര്‍ക്ക് വിസ പുതുക്കി നല്‍കരുതെന്നാണു ആഭ്യന്തര മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട്, പൗരത്വ വിഭാഗം മേധാവി മേജര്‍ ജനറല്‍ ഷൈഖ് മേസിന്‍ അല്‍ ജറാഹ് പുറപ്പെടുവിച്ച ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിസ പുതുക്കുന്നതിനു പകരമായി ഇവര്‍ക്ക് 3 മാസകാലത്തേക്കുള്ള താല്‍ക്കാലിക വിസ അനുവദിക്കുവാനും ഈ കാലാവധി കഴിയുന്നതോടെ രാജ്യം വിടുവാനും ഉത്തരവില്‍ സൂചിപ്പിക്കുന്നു.ആശ്രിത വിസയില്‍ മക്കളെ കൊണ്ടു വരുന്നതിനുള്ള പ്രായ പരിധി ഉയര്‍ത്താനുള്ള മന്ത്രാലയത്തിന്റെ നേരത്തെയുള്ള തീരുമാനം കര്‍ശനമാക്കാനും രാജ്യത്തെ എല്ലാ പാസ്‌പോര്‍ട്ട് ഓഫീസുകളിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം 15 വയസ്സ് പൂര്‍ത്തിയായ ആണ്‍ കുട്ടികള്‍ക്കും 18 വയസ്സായ പെണ്‍കുട്ടികള്‍ക്കും പുതുതായി ആശ്രിത വിസ നല്‍കുന്നതല്ല.
നേരത്തെ ആണ്‍കുട്ടികള്‍ക്ക് 18 വയസ്സു വരെയും പെണ്‍കുട്ടികള്‍ക്ക് 21 വയസ്സുവരെയുമായിരുന്നു ഇതിനായുള്ള പ്രായ പരിധി. നിലവില്‍ രാജ്യത്ത് ആശ്രിത വിസയില്‍ കഴിയുന്ന മക്കള്‍ക്ക് ഇഖാമ പുതുക്കി നല്‍കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം 18 വയസ്സ് പൂര്‍ത്തിയായ ആണ്‍ കുട്ടികള്‍ക്കും 21 വയസ്സ് പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കും ഇഖാമ പുതുക്കി നല്‍കുന്നതിനു താമസ കുടിയേറ്റ വിഭാഗം ഡയരക്ടര്‍ ജനറലിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.
മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഭാര്യയൂടെ മാതാ പിതാക്കള്‍ എന്നിവര്‍ക്ക് ആശ്രിത വിസ അനുവദിക്കുന്നത് നേരത്തെ നിര്‍ത്തിവെച്ചിരുന്നു. ഇതിനു പുറമെ ഈ വിഭാഗത്തില്‍പെട്ടവരെ സന്ദര്‍ശ്ശക വിസയില്‍ കൊണ്ടു വരുന്നതിനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണു ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇഖാമ പുതുക്കുന്നതിനു നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഈ വിഭാഗത്തില്‍ പെട്ട 11500 ഓളം പേര്‍ കഴിയുന്നുവെന്നാണു കണക്ക്. ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക വഴി രാജ്യത്തിനു അനാവശ്യമായ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കാന്‍ സാധിക്കുമെന്നാണു മന്ത്രാലയത്തിന്റെ കണക്ക് കൂട്ടല്‍.

[related]
Next Story

RELATED STORIES

Share it