thrissur local

ആശ്രയങ്ങളെല്ലാം തിരയെടുത്തു; ദുരിതക്കടലില്‍ ജാസ്മിയും കുടുംബവും

കൊടുങ്ങല്ലൂര്‍: ഓഖി ചുഴലിക്കാറ്റ് ജാസ്മിയുടെ കുടുംബത്തിന് നഷ്ടപ്പെടുത്തിയത് ഏക സമ്പാദ്യമായിരുന്ന സ്വന്തംവീട്. ഒരുവര്‍ഷം മുന്‍പ് ഭര്‍ത്താവ് തെക്കിനകത്ത് സുധീര്‍ മല്‍സ്യബന്ധനത്തിനിടെ മരിച്ചതിന്റെ ദുഖത്തില്‍ കഴിയുന്നതിനിടേയാണ് കടുത്ത ആഘാതമായി കടലേറ്റത്തില്‍ വീടും നഷ്ടപ്പെട്ടത്. ഭര്‍ത്താവ് മരിച്ചതിന് ശേഷം ജാസ്മിയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. രണ്ട് മാസം മുമ്പുണ്ടായ കടലേറ്റത്തില്‍ വീട് ഭാഗികമായി തകര്‍ന്നിരുന്നു. ഓഖി ചുഴലിക്കാറ്റില്‍ കടലേറ്റം രൂക്ഷമായതോടെ വീട് പൂര്‍ണമായും തകര്‍ന്നു. നാല് സെന്റ് സെന്റ് സ്ഥലത്തുണ്ടായിരുന്ന വീട് പൂര്‍ണമായി തകര്‍ന്നതോടെ സര്‍ക്കാര്‍ സഹായിക്കുമെന്ന് പ്രതീക്ഷയില്‍ കഴിയുകയാണ് ഈ കുടുംബം. ഒരുവര്‍ഷം മുമ്പാണ് ജാസ്മിയുടെ ഭര്‍ത്താവ് തെക്കിനകത്ത് സുധീര്‍ കടലില്‍ വച്ച് മരണപ്പെട്ടത്. മല്‍സ്യബന്ധനത്തിനായി പിതാവ് ശംസുവിനോടൊപ്പം കടലില്‍ പോയപ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കടലില്‍ വച്ചുതന്നെ പിതാവിന്റെ മടിയില്‍ കിടന്നാണ് സുധീര്‍ യാത്രയായതെന്ന് സഹോദരന്‍ സാബിക് പറഞ്ഞു. സുധീറിന്റെ പിതാവും സഹോദരനും നല്‍കുന്ന സഹായം കൊണ്ടാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളും 10ാം ക്ലാസില്‍ പഠിക്കുന്ന മകനും അടങ്ങിയ ജാസ്മിയുടെ കുടുംബം കഴിയുന്നത്. ഇതിനിടേയാണ് എല്ലാം നഷ്ടപ്പെടുത്തി ഓഖി ചുഴലിക്കാറ്റ് ഇവരുടെ ഏക സമ്പാദ്യമായ വീടും കവര്‍ന്നെടുത്തത്. വീട് നിര്‍മാണത്തിന് സഹായം അഭ്യര്‍ഥിച്ച് മല്‍സ്യഫെഡ് വഴി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ജാസ്മി പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട ഈ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Next Story

RELATED STORIES

Share it