Flash News

ആശ്രമത്തിന്റെ സ്ഥാപകനെ കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന ഡല്‍ഹിയിലെ രോഹിണിയിലുള്ള ആശ്രമത്തിന്റെ സ്ഥാപകനെ കണ്ടെത്താന്‍ ഹൈക്കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. ആശ്രമത്തിന്റെ സ്ഥാപകനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ വീരേന്ദര്‍ ദേവ് ദീക്ഷിത്തിനെ ജനുവരി നാലിന് മുമ്പ് ഹാജരാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു. താന്‍ ഭഗവാന്‍ കൃഷ്ണന്റെ അവതാരമാണെന്നും കൃഷ്ണന് ഗോപികമാരുണ്ടായിരുന്നത് പോലെ തനിക്ക് ചുറ്റും സ്ത്രീകളുണ്ടായിരിക്കുന്നത് താന്‍ ഇഷ്ടപ്പെടുന്നുവെന്നുമാണ് ആള്‍ ദൈവം അവകാശപ്പെടുന്നത്.ആശ്രമത്തിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാവുന്നുണ്ടെന്ന് കോടതി നിയോഗിച്ച പ്രത്യേക സമിതി റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പോലിസ് ആശ്രമത്തില്‍ റെയ്ഡ് നടത്തിയിരുന്നു. യുവതികളെ അനധികൃതമായി തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന ആശ്രമത്തിന്റെ നിലപാടില്‍ ഹൈക്കോടതി സംശയം ഉന്നയിച്ചു. അവര്‍ സ്വതന്ത്രരാണെങ്കില്‍ പിന്നെന്തിനാണ് അടച്ചിട്ട മുറികളില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജ്സ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ആശ്രമ സ്ഥാപകന്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ അദ്ദേഹത്തിന്റെ നിലപാടില്‍ അസ്വാഭാവികത വിലയിരുത്തേണ്ടി വരുമെന്നാണ് കോടതി ചൂണ്ടിക്കാട്ടി. ആശ്രമത്തിനുള്ള സാമ്പത്തിക സഹായങ്ങളെ സംബന്ധിച്ചും കോടതി വിശദ്ധീകരണം തേടിയിട്ടുണ്ട്. ആധ്യാത്മികതയുടെ മറവില്‍ ആശ്രമത്തില്‍ ലൈംഗിക പീഡനവും മയക്കുമരുന്ന് ഉപയോഗവും നടക്കുന്നതായി സമിതി കണ്ടെത്തിയിരുന്നു. നൂറിലധികം സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇരുമ്പു വാതിലുകള്‍ സ്ഥാപിച്ച അടച്ചിട്ട മുറിയില്‍ മൃഗതുല്യമായ രീതിയില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 14 വര്‍ഷമായി ഈ ആശ്രമത്തില്‍ പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഒരു സന്നദ്ധ സംഘടനയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായിട്ടുണ്ടെന്നും അവര്‍ ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്നും സംഘടന കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കിയത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കാണാതായ പെണ്‍കുട്ടികള്‍, മാനഭംഗത്തിനിരയായവര്‍, ആത്മഹത്യ ചെയ്തവര്‍ എന്നിവയെല്ലാം കണക്കാക്കി അന്വേഷണം നടത്തണമെന്നാണ് നിര്‍ദേശം.  ഇരുമ്പ്‌വേലികള്‍ ഉപയോഗിച്ച് ഓരോ മുറിയും വേര്‍ തിരിച്ചിരിക്കുന്നതായും അന്തേവാസികള്‍ക്ക് നേരെ മയക്കു മരുന്ന് പ്രയോഗം നടന്നിട്ടുണ്ടെന്നും സംഘം കണ്ടെത്തിയിരുന്നു.  ആണ്‍കുട്ടികളും പീഡനത്തിനിരയായതായി സംശയിക്കുന്നതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബുധനാഴ്ച അര്‍ധ രാത്രി ആശ്രമത്തില്‍ റെയ്ഡ് നടന്നത്. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ, അഭിഭാഷകന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ രോഹിണി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ രജനീഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. ആശ്രമത്തില്‍ റെയ്ഡിനെത്തിയ തങ്ങളെ ആശ്രമം അധികൃതര്‍ ഒരു മണിക്കൂറോളം തടഞ്ഞുവച്ചുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവല്‍ പറഞ്ഞു. തടവിലിട്ടിരിക്കുന്നവരില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണെന്ന് സ്വാതി വ്യക്തമാക്കി. പെണ്‍കുട്ടികളെ ഡല്‍ഹിയിലെ നരേലയിലെ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയതായും അവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it