malappuram local

ആവേശനിറവില്‍ കെട്ടിയാടി ലാലിഗാല ചമയമഴിച്ചു

മഞ്ചേരി: കലയുടെ നിറച്ചാര്‍ത്തില്‍ കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോല്‍സവത്തിന് മഞ്ചേരി എന്‍എസ്എസ് കോളജില്‍ ആവേശം നിറഞ്ഞ പരിസമാപ്തി. രാവേറെയായിട്ടും സജീവമായ വേദികളില്‍ അര്‍ധരാത്രി പിന്നിട്ടാണ് കലോല്‍സവം കൊടിയിറങ്ങിയത്. ദഫ് മുട്ട്,അറബന മുട്ട്, ലളിതഗാനം, കോല്‍ക്കളി, വട്ടപ്പാട്ട് തുടങ്ങിയ ഇനങ്ങളുടെ ഫലം പ്രഖ്യാപിക്കാനിരിക്കെ 109 പോയിന്റുമായി മമ്പാട് എംഇഎസ് ഒന്നാം സ്ഥാനത്തും 95 പോയിന്റ് നേടിയ മഞ്ചേരി എന്‍എസ്എസ് രണ്ടാമതും  84 പോയിന്റോടെ തിരൂരങ്ങാടി പിഎസ്എംഒ കോളജ് മൂന്നാമതുമാണുള്ളത്.  മല്‍സരാര്‍ഥികളുടെ സജീവ പങ്കാളിത്തത്താല്‍ ശ്രദ്ധിക്കപ്പെട്ട കലോല്‍സവം സര്‍വകലാശാല ചരിത്രത്തിലും പ്രതിഭകളുടെ വര്‍ധനവാല്‍ അടയാളമായി. അഞ്ചു രാപ്പകലുകള്‍ നീണ്ട ലാലിഗാല-18 യവ്വന കലയുടെ നിറഭേദങ്ങള്‍ക്ക് പൂര്‍ണതയേകിയാണ് ചമയമഴിച്ചത്. കലോല്‍സവ നഗരിക്ക് ആവേശം പകര്‍ന്ന മാപ്പിളകലകളായിരുന്നു സമാപന ദിവസത്തെ പ്രധാന വിഭവങ്ങള്‍. തരിവളക്കൈകള്‍ താളമിട്ട ഇശലിന്റെ ഈരടികള്‍ക്കൊപ്പം മണവാട്ടികളും തോഴിമാരും പ്രധാന വേദിയെ മൊഞ്ചേറ്റിയപ്പോള്‍ ചടുലതാളത്തിനു ചുവടുവെച്ച് കോല്‍ക്കളി സംഘങ്ങള്‍ കലോല്‍സവ നഗരിയുടെ ഊര്‍ജ്ജമായി. തിരുവാതിരകളി ആര്‍ദ്രമാക്കിയ സായന്തനത്തിലാണ് പ്രധാന വേദിയില്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയായത്. ശാസ്ത്രീയ നടനത്തികവില്‍ മോഹിനിമാര്‍ രണ്ടാം വേദിയില്‍ മികച്ച നിലവാരം പുലര്‍ത്തി. മലയാളത്തിന്റെ നൃത്താവിഷ്‌ക്കാരമായ കേരള നടനമായിരുന്നു പിന്നീടരങ്ങിലെത്തിയത്. വട്ടപ്പാട്ടും ദഫ്മുട്ടും അറബനയും ഇവിടെ കാണികളെ കയ്യിലെടുത്തു. മാപ്പിളപ്പാട്ടു നടന്ന വേദി മൂന്നില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മല്‍സരാര്‍ഥികള്‍ കാഴ്ചവെച്ചത്. നാലാം വേദിയില്‍ കഥകളിസംഗീതം, ലളിത സംഗീതം എന്നിവയായിരുന്നു സമാപന ദിവസത്തെ വിഭവങ്ങള്‍.മല്‍സരങ്ങള്‍ ഏറെ നീണ്ടുപോയെന്ന പരാതിയില്‍ കവിഞ്ഞ് കാര്യമായ പരിഭവങ്ങള്‍ക്കിട നല്‍കാതെയാണ് സിസോണ്‍ കലോല്‍സവം മഞ്ചേരിയോട് വിട പറഞ്ഞത്. 101 കോളജുകളില്‍ നിന്നായി 7000ലധികം പ്രതിഭകള്‍ വിവിധ മല്‍സരങ്ങളില്‍ പങ്കെടുത്ത ചരിത്രം സി സോണിനില്ല. ഇത്രയധികം മല്‍സരങ്ങള്‍ പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്നാണ് സംഘാടക സമിതി പൂര്‍ത്തിയാക്കിയത്. ജനകീയ പങ്കാളിത്തം മേളയ്ക്ക് പ്രതീക്ഷിച്ചതുപോലെ ലഭിച്ചില്ല എന്നത് ജില്ലയില്‍ നടന്ന കലോല്‍സവത്തിന് അപവാദമായെങ്കിലും മേളയുടെ സംഘാടന മികവ് ശ്രദ്ധേയമായി.
Next Story

RELATED STORIES

Share it