ആല്‍ഫ പാലിയേറ്റീവ് കെയര്‍ ആശ്വാസമാവുന്നത് നാലു ജില്ലകളിലെ 13000 രോഗികള്‍ക്ക്

കാസര്‍കോട്: വേദനയ്ക്കും വിശപ്പിനും ജാതി മത ഭേദമില്ലെന്നു തെളിയിക്കുകയാണ് തൃശൂരിലെ ആല്‍ഫ പാലിയേറ്റീവ് കെയര്‍. എടമുട്ടം സ്വദേശി കെ എം നൂറുദ്ദീന്റെ നേതൃത്വത്തിലുള്ള ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ വിഷന്‍ 20-20 പദ്ധതിയിലൂടെ സംസ്ഥാനത്തെ നാല് ജില്ലകളില്‍ നിര്‍ധനരും നിരാശ്രയരുമായ രോഗികള്‍ക്ക് സൗജന്യ ചികില്‍സ നല്‍കിവരുകയാണ്.
തൃശൂര്‍, എറണാകുളം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലാണ് ആല്‍ഫ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണു തീരുമാനം. ഇപ്പോള്‍ 13,000ഓളം രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. കാരുണ്യത്തിന്റെ നീരുറവ വറ്റാത്ത സാമൂഹിക പ്രവര്‍ത്തകരുടെ സഹായം കൊണ്ടാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. എം എ യൂസഫലി, ഇന്നസെന്റ് എംപി, വി ഡി സതീശന്‍ എംഎല്‍എ തുടങ്ങിയവരൊക്കെ അകമഴിഞ്ഞു സഹായിച്ചാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം നടക്കുന്നത്.
2005 മെയ് മൂന്നിനാണ് ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനം തൃശൂര്‍ ജില്ലയിലെ എടമുട്ടത്ത് ആരംഭിച്ചത്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലായി നാല് ഹോസ്പീസുകളും 12 ലിങ്ക് സെന്ററുകളും ആല്‍ഫയ്ക്കു കീഴിലുണ്ട്. ഹോം കെയറും കിടത്തിച്ചികില്‍സയും ഫിസിയോതെറാപ്പിയും അടക്കമുള്ള സേവനങ്ങള്‍ സൗജന്യമായി നല്‍കിവരുന്നു. കൂടാതെ രോഗബാധിതരുടെ പെണ്‍മക്കള്‍ക്കായുള്ള വിവാഹപദ്ധതിയും വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും മറ്റു പുനരധിവാസ പദ്ധതികളും (കെയര്‍ ഹോം, ആല്‍ഫ ഹോംസ്) ഉണ്ട്. വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കാനായി സ്‌കൂളുകളിലും കോളജുകളിലും 'സ്റ്റുഡന്റ്‌സ് ഫോര്‍ പാലിയേറ്റീവ് കെയര്‍' ക്ലബ്ബുകളും പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 13,000ത്തിലേറെ പേര്‍ക്ക് ആല്‍ഫ പാലിയേറ്റീവ് കെയര്‍ പരിചരണം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it